‘ഇതുപോലൊന്ന് കണ്ടിട്ടില്ല; 35കാരനും മരണത്തോട് മല്ലിടുന്നു’; ഭീതിയോടെ ഡോക്ടർ

covid-doctor-video
SHARE

‘ഞങ്ങൾ നിസ്സഹായരാണ്, മുൻപ് ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല, ആളുകൾ പരിഭ്രാന്തരാണ്...’അമിതമായി ജോലിചെയ്ത് ക്ഷീണിച്ച മുംബൈയിലെ ഒരു ഡോക്ടറുടെ വാക്കുകളാണിത്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ വലിയ വർധന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മുംബൈയ്ക്കു താങ്ങാനാവില്ലെന്ന സൂചനയാണു ഡോക്ടറുടെ വാക്കുകളിലുള്ളത്. പകർച്ചവ്യാധി വിഭാഗം സ്പെഷലിസ്റ്റായ ഡോ. തൃപ്തി ഗിലാഡയുടെ ആശങ്ക നിറഞ്ഞ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. 

‘ഞാൻ ഇതുപോലൊന്നു മുൻപു കണ്ടിട്ടില്ല. നമ്മൾ വളരെ നിസ്സഹായരാണ്. പല ഡോക്ടർമാരെയും പോലെ ഞാനും അസ്വസ്ഥയാണ്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ ഹൃദയം തകർന്നിരിക്കുന്നു. ഒരുപക്ഷേ എന്നെ വിഷമിപ്പിക്കുന്നത് എന്താണെന്നു നിങ്ങളോട് പറഞ്ഞാൽ, അതു മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ, എനിക്ക് കൂടുതൽ സമാധാനമുണ്ടാകാം’. ഡോ. ഗിലാഡ പറയുന്നു.

‘ഞങ്ങൾ വളരെയധികം രോഗികളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗുരുതരമായ രോഗികളെ കിടക്കകളില്ലാത്തതിനാൽ വീട്ടിൽ ചികിത്സിക്കുകയാണ്. ഞങ്ങൾ ഈയവസ്ഥ ആസ്വദിക്കുന്നില്ല. കോവിഡിനെതിരെ പോരാടുന്നതിന് ഓരോ വ്യക്തിയും മൂന്നു കാര്യങ്ങൾ ചെയ്യണം. ആദ്യം, ദയവായി സുരക്ഷിതമായി തുടരുക. നിങ്ങൾ ഇതുവരെ കോവിഡ് ബാധിതരായിട്ടില്ലെങ്കിൽ അല്ലെങ്കിൽ രോഗം വന്നു സുഖം പ്രാപിച്ചുവെങ്കിൽ.. നിങ്ങൾ ഒരു സൂപ്പർഹീറോ ആണെന്നോ പ്രതിരോധശേഷി ഉണ്ടെന്നോ കരുതരുത്. 

അങ്ങനെ കരുതിയാൽ തെറ്റാണ്. നിരവധി ചെറുപ്പക്കാർ‌ക്കു രോഗം വരുന്നതു ഞങ്ങൾ‌ കാണുന്നു. ഞങ്ങൾക്ക് അവരെ സഹായിക്കാൻ‌ കഴിയില്ല. നിങ്ങളിൽ ആരും ഈ അവസ്ഥയിൽ ആകാനും ആഗ്രഹിക്കുന്നില്ല. 35 വയസ്സുള്ള കോവിഡ് രോഗി വെന്റിലേറ്ററിൽ ജീവനോടെയിരിക്കാൻ പാടുപെടുന്നതു ഞാൻ കണ്ടു. രണ്ടാമതായി, കോവിഡ് എല്ലായിടത്തും ഉണ്ട്. നിങ്ങൾ വീട്ടിൽ നിന്നിറങ്ങിയാൽ, ഒരു കാരണവശാലും മാസ്ക് ധരിക്കാതിരിക്കരുത്.

നിങ്ങൾ എന്തിനാണു പുറത്തു പോകുന്നത് എന്നത് പ്രശ്നമല്ല. പക്ഷേ നിങ്ങൾ മാസ്ക് ധരിക്കേണ്ടതുണ്ട്, ഒപ്പം നിങ്ങളുടെ മൂക്ക് പൂർണമായും മൂടിയിരിക്കണം. മൂന്നാമതായി, നിങ്ങൾക്ക് അസുഖം വന്നാൽ, അസ്വസ്ഥത തോന്നുന്നുവെങ്കിൽ പരിഭ്രാന്തരായി ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ശ്രമിക്കരുത്. ഒരു ആശുപത്രിയിലും ഇടമില്ല. ഗുരുതരമായ രോഗികൾക്ക് ആവശ്യമായ കുറച്ച് കിടക്കകൾ മാത്രമാണുള്ളത്.

ആദ്യം സ്വയം ഐസലേഷനിൽ കഴിയുക. തുടർന്നു ഡോക്ടറുമായി ബന്ധപ്പെടുക. ശേഷം എന്താണു വേണ്ടതെന്നു തീരുമാനിക്കാം. നിലവിലെ അവസ്ഥയുടെ സമ്മർദം അനുഭവിക്കുന്ന ഒരേയൊരു മെഡിക്കൽ പ്രഫഷണലല്ല ഞാനെന്ന് ഓർമിപ്പിക്കുന്നു. കോവിഡ് വാക്സീൻ ലഭിക്കുന്നതും പ്രധാനപ്പെട്ടതാണ്. നിങ്ങൾ ഇതുവരെയും എടുത്തിട്ടില്ലെങ്കിൽ, ദയവായി കുത്തിവയ്പെടുക്കുക. രണ്ടു ഡോസുകൾ ലഭിക്കുന്നവർക്ക് അവരുടെ അണുബാധ അത്ര കഠിനമല്ല. വാക്സീൻ തീർച്ചയായും നിങ്ങളെ സഹായിക്കും.’– നിറകണ്ണുകളോടെ ഡോക്ടർ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...