'കന്യകാത്വ പരിശോധന’ യ്ക്ക് ഇരകളായി രണ്ട് യുവതികൾ; വിവാഹമോചനത്തിന് നോട്ടിസ്

bride-shadow.jpg.image.845.440
പ്രതീകാത്മക ചിത്രം
SHARE

വിവാഹശേഷം സഹോദരിമാരായ രണ്ടു യുവതികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവത്തിൽ ഭർത്താക്കന്മാർക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. യുവതികൾക്കെതിരെ ഭർത്താക്കന്മാർ വിവാഹമോചന നോട്ടിസ് അയച്ചു. പഞ്ചായത്ത് മുഖേനയാണ് നോട്ടീസ് അയച്ചത്. 

വിവാഹമോചന നോട്ടീസ് ലഭിച്ച യുവതികൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്നാണ് ഭർത്താക്കന്മാർക്കും ബന്ധുക്കൾക്കും എതിരെ കേസെടുത്തത്. കോലാപൂരിലെ കഞ്ചര്‍ഭട്ട് സമുദായത്തിൽ നിന്നുള്ളവരാണ് യുവതികൾ. ഇതേവിഭാഗത്തിൽ നിന്നുള്ള അഭ്യസ്തവിദ്യരായ യുവാക്കളെയാണ് വിവാഹം ചെയ്തത്. കേസിൽ പ്രതികളായവരിൽ ഒരാൾ ആർമിയിൽ ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനാണ് കേസിലെ മറ്റൊരു പ്രതി. ഇയാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തിയാണ്. 

2020 നവംബർ 27നായിരുന്നു ഇവരുടെ വിവാഹം. കന്യകാത്വ പരിശോധനയ്ക്ക് ശേഷം മാത്രമേ ഭർത്താക്കന്മാരോടൊപ്പം ഒരുമിച്ചു കഴിയാൻ ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് അനുവാദമുള്ളൂ. വിവാഹ ദിവസം വെളുത്ത ബെഡ്ഷീറ്റ് യുവതികള്‍ക്ക് നൽകുകയും ബെഡ്ഷീറ്റിൽ രക്തക്കറ കണ്ടില്ലെങ്കിൽ യുവതികൾ മുൻപ് മറ്റുപുരുഷനോടൊപ്പം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടാൽ പിന്നീട് ഭർത്താവിനൊപ്പം ജീവിക്കാൻ ഇവർക്ക് അവകാശമില്ലെന്നാണ് സമുദായ നിയമം. 

പരിശോധനയിൽ പരാജയപ്പെട്ട യുവതികളെ ഭർതൃവീട്ടുകാർ വെവ്വേറെ മുറികളിലാണ് താമസിപ്പിച്ചിരുന്നത്.  നവംബർ 29ന് വീടിന്റെ നവീകരണം നടത്തണമെന്നു പറഞ്ഞ് യുവതികളോട് ഭർത്താക്കൻമാരും ഭർതൃമാതാവും 10ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. രൂപ നൽകിയില്ലെങ്കിൽ വിവാഹബന്ധം വേർപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. തങ്ങളിൽ ഒരാൾക്ക് വിവാഹത്തിനു മുൻപ് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും അവർ പൊലീസിനോട് വ്യക്തമാക്കി. ഇതിന്റെ പേരിൽ ഭർതൃവീട്ടുകാര്‍ മർദിച്ചതായും പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും രണ്ടു യുവതികളും അറിയിച്ചു.

ജാട്ട് പഞ്ചായത്തില്‍ സഹായം ആവശ്യപ്പെട്ട് എത്തിയ പെൺകുട്ടികളുടെ അമ്മയിൽ നിന്നും 40,000 രൂപ പഞ്ചായത്ത് അധികൃതർ വാങ്ങിയതായും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രാമസഭ കൂടി വിവാഹമോചനത്തെ അംഗീകരിക്കുകയായിരുന്നു. സംഭവത്തിന്റെ പേരിൽ യുവതികളുടെ കുടുംബത്തെ സമുദായത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടികളുടെ അമ്മ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ  അന്വേഷണം പുരോഗമിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...