നോട്ടെണ്ണൽ യന്ത്രം യുവതിയുടെ; ആഡംബര ബൈക്ക് പിടിച്ചെടുത്തു: മലയാളിയെന്ന് അഭ്യൂഹം

sachin-vaze
സച്ചിൻ വാസെ
SHARE

മുംബൈ ∙ മുകേഷ് അംബാനിക്കെതിരെയുള്ള ബോംബ് ഭീഷണിക്കേസിൽ മീന ജോർജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എൻഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. ഇവർ മലയാളിയാണെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ബോംബ് ഭീഷണിക്കേസിൽ യുവതിക്കും മുഖ്യപങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 

കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേർന്നു കള്ളപ്പണ ഇടപാടുകൾ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണൽ യന്ത്രം യുവതിയുടേതാണെന്നാണു വിവരം. അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ കാർ ഉപേക്ഷിക്കുന്നതിനു മുൻപു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

ദക്ഷിണ മുംബൈയിൽ വാസെ പതിവായി താമസിച്ചിരുന്ന ഹോട്ടലിൽ യുവതി വന്നുപോകുന്നതിന്റെയും കാറിൽ ഒരുമിച്ചു യാത്ര ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കണ്ടെടുത്തത്. പഞ്ചനക്ഷത്ര ഹോട്ടലിൽ വാസെ 100 ദിവസത്തിലേറെ താമസിച്ചതിന്റെ രേഖകൾ പുറത്തുവന്നിരിക്കെ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവു നടത്തിയിരുന്നത് ഹോട്ടൽ കേന്ദ്രീകരിച്ചാണെന്നാണു വിവരം. വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണു ഹോട്ടലിൽ താമസിച്ചിരുന്നത്.

താമസച്ചെലവായ 12 ലക്ഷത്തിലേറെ രൂപ ജ്വല്ലറി ഉടമയാണ് അടച്ചത്. വാസെയ്ക്കും സംഘത്തിനും സിം കാർഡുകൾ ഗുജറാത്തിൽ നിന്നു സംഘടിപ്പിച്ചതിന് ദക്ഷിണ മുംബൈയിലെ സോഷ്യൽ ക്ലബിന്റെ ഉടമയെ എൻഐഎ ചോദ്യം ചെയ്തിരുന്നു. 

അതേസമയം ബാറുകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടെന്ന വിവാദത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ട് ഹൈക്കോടതി; തൊട്ടു പിന്നാലെ, മന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആണു ഹൈക്കോടതിയെ സമീപിച്ചത്. 

‘ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ആഭ്യന്തര മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട അസാധാരണ കേസാണിത്. കണ്ടില്ലെന്നു നടിക്കാനാകില്ല,’ കോടതി ചൂണ്ടിക്കാട്ടി. 15 ദിവസത്തിനകം സിബിഐ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. തുടരന്വേഷണം ആവശ്യമെങ്കിൽ മുന്നോട്ടു പോകാം. ദേശ്മുഖ് ആഭ്യന്തര മന്ത്രിയായി തുടരുമ്പോൾ പൊലീസ് അന്വേഷണം ഉചിതമല്ല. മഹാരാഷ്ട്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സിബിഐ ഉടൻ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു.

English Summary: NIA seizes high-end bike worth Rs 7 lakh from Sachin Vaze's woman associate

MORE IN INDIA
SHOW MORE
Loading...
Loading...