വോട്ടിങ് യന്ത്രവുമായി തൃണമൂൽ നേതാവിന്റെ വീട്ടിൽ കിടന്നുറങ്ങി പോളിങ് ഓഫിസർ: വിവാദം

evm-bengal
SHARE

കൊൽക്കത്ത∙ വോട്ടിങ് യന്ത്രവുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കിടന്നുറങ്ങിയെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ബംഗാളിൽ പോളിങ് ഓഫിസറെ സസ്പെൻഡ് ചെയ്തു. ഹൗറ സെക്ടറിലെ ഒരു ബൂത്തിലെ ഡപ്യൂട്ടി ഓഫിസർ തപൻ സർക്കാരിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂൽ നേതാവിന്റെ വീട്ടിൽ പോയപ്പോൾ ഇയാൾ വോട്ടിങ് യന്ത്രവും കൂടി കൊണ്ടുപോയതായി കണ്ടെത്തുകയായിരുന്നു. ഇയാൾ കൊണ്ടു പോയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഉപയോഗിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 

ഹൗറ സെക്ടറിൽ ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഇയാൾ കൊണ്ടുപോയ വോട്ടിങ് യന്ത്രം നിലവിൽ പരിശോധിക്കുകയാണെന്നും ഒരു പ്രത്യേക മുറിയിയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ കസ്റ്റഡിയിലാണെന്നും കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. 

അസമിലെ കരിംഗഞ്ച് ജില്ലയിൽ ബിജെപി എംഎൽഎയുടെ കാറിൽനിന്നു വോട്ടിങ് യന്ത്രം പിടിച്ചതിനെ തുടർന്ന് അക്രമപരമ്പര അരങ്ങേറിയതിനു തൊട്ടുപിന്നാലെയാണ് സമാനമായ സംഭവം ബംഗാളിലും റിപ്പോർട്ട് ചെയ്യുന്നത്. 

English Summary: Bengal Poll Officer Sleeps Over At Trinamool Leader's Home With EVM, Suspended

MORE IN INDIA
SHOW MORE
Loading...
Loading...