‘ഇത്തവണ ബോംബ് യോജിപ്പിച്ചില്ല, ഇനി ചെയ്യും’; അംബാനിക്കും ഭാര്യയ്ക്കും കുറിപ്പ്; അന്വേഷണം

ambani-home-car-bomb
SHARE

‘ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും'  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍നിന്നു ലഭിച്ച കുറിപ്പിലെ വരികളാണിത്. 20 ജലാറ്റിന്‍ സ്റ്റിക്കുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഹിന്ദിയില്‍നിന്ന് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്ത കുറിപ്പാണ് കണ്ടെത്തിയത്. ഇതിൽ നിറയെ അക്ഷരത്തെറ്റുകളാണെന്നും പൊലീസ് പറയുന്നു. മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. 

അധികം വിദ്യാഭ്യാസമില്ലാത്ത ആളാകാം ഇതിന് പിന്നിലെന്നും അതല്ലെങ്കിൽ മനപൂർവം െപാലീസിനെ കബളിപ്പിക്കാൻ വച്ച കുറിപ്പാകും ഇതെന്ന് പൊലീസ് സംശയിക്കുന്നു. വാഹനത്തിനുള്ളില്‍ കൂടുതല്‍ നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവര്‍ പുറത്തിറങ്ങാതെ വാഹനത്തില്‍ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയില്‍നിന്നു വ്യക്തമായി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അംബാനിയുടെ ആന്റില എന്ന വീട്ടില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെ ഒരു കെട്ടിടത്തിനു വെളിയിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ വാഹനം അവിടെ പാര്‍ക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏതാനും മണിക്കൂറുകൾക്കുശേഷവും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് കമാന്‍ഡോകളും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. അംബാനിയുടെ വീടുള്‍പ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.

MORE IN INDIA
SHOW MORE
Loading...
Loading...