പരസ്യവരുമാന വിഹിതം ഉയര്‍ത്തണം; ഗൂഗിളിന് ഐ.എന്‍.എസിന്‍റെ കത്ത്

ins-letterN-02
SHARE

പരസ്യ വരുമാനത്തില്‍ നിന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി ഗൂഗിള്‍ ഇന്ത്യയ്ക്ക് കത്തയച്ചു. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുകയും ഇതില്‍ നിന്ന് വലിയതുക വരുമാനം നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഎന്‍എസ് നീക്കം. വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഐഎന്‍എസ് കേരള റീജിയണല്‍ ചെയര്‍മാന്‍ എം.വി ശ്രേയാംസ്കുമാര്‍ പറഞ്ഞു.

രാജ്യമെമ്പാടുമുള്ള പത്ര–ദൃശ്യ മാധ്യമങ്ങള്‍ വന്‍തുക ചെലവാക്കിയാണ് വാര്‍ത്തയ്ക്കുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതില്‍ നിന്ന് ഗൂഗിളിന്  ലഭിക്കുന്ന വരുമാനത്തിന്‍റെ വിഹിതത്തില്‍ വര്‍ധന വരുത്തണമെന്നാണ് ഗൂഗിള്‍ ഇന്ത്യ മാനേജര്‍ സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി പ്രസിഡന്‍റ് എല്‍.ആദിമൂലം അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്താസ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഗൂഗിള്‍ ജാഗ്രത പുലര്‍ത്തണം. കൂടുതല്‍ വിഹിതം നല്‍കുന്നതില്‍  ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഒാസ്ട്രേലിയ എന്നിവിടങ്ങളില്‍ ഗൂഗിള്‍ അനുകൂല നടപടി സ്വീകരിച്ചതും ഐഎന്‍എസ് ചൂണ്ടിക്കാട്ടുന്നു.

രാജ്യനിര്‍മിതിയില്‍ പ്രധാന പങ്കുവഹിക്കുന്ന പത്രമാധ്യമങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്താ സ്രോതസ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിലയുറപ്പിക്കുന്ന ഈ കാലത്ത് പരസ്യവരുമാനം പത്രസ്ഥാപനങ്ങളുടെ നിലനില്‍പ്പിന്‍റെ ഭാഗമാണെന്നും ഐഎന്‍എസ് വ്യക്തമാക്കി.‌‌‌

MORE IN INDIA
SHOW MORE
Loading...
Loading...