ഗല്‍വാൻ സംഘർഷം: ചൈനയുടേത് പഴയ വിഡിയോ; പൊളിച്ചടക്കി ഇന്ത്യക്കാര്‍

galwan-clash-video-socialmedia
SHARE

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണെന്ന് പറഞ്ഞാണ് ചൈനീസ് മാധ്യമമായ ഷെയ്ൻ ഷിവേയിൽ പ്രത്യക്ഷപ്പെട്ടത്. സംഘർഷത്തിൽ 5 സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്. എന്നാൽ, ഈ 2020 ജനുവരിയിൽ പോസ്റ്റ് ചെയ്തതാണെന്ന വാദവുമായി ഇന്ത്യക്കാർ രംഗത്തെത്തി.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) അംഗം അതിർത്തി പ്രദേശത്ത് ഇന്ത്യൻ സൈനികരുമായി തർക്കിക്കുന്നത് വിഡിയോയിൽ കാണാം. ഈ വിഡിയോ ചൈനീസ് സ്റ്റേറ്റ് മീഡിയ ജേണലിസ്റ്റ് തന്നെയാണ് ഷെയർ ചെയ്തത്. എന്നാൽ വിഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി.

ഈ വിഡിയോ ഷൂട്ട് ചെയ്ത സ്ഥലം, എടുത്ത സമയം എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇന്ത്യക്കാർ ചോദിക്കുന്നത്. ഇത് റഷ്യൻ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിട്ടുണ്ട്. വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപ്രദേശം സിക്കിം-ചൈന അതിർത്തിയിലാണെന്നും ചൈന-ഇന്ത്യ അതിർത്തി രേഖയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗാൽവാൻ താഴ്‌വരയല്ലെന്നും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നുണ്ട്.

അതേസമയം, ഗാൽവാൻ വാലി സംഭവം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപോ അല്ലെങ്കിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള തർക്കം കഴിഞ്ഞ മെയിൽ തുടങ്ങുന്നതിനു മുൻപ് തന്നെ ഈ വിഡിയോ യുട്യൂബിൽ പ്രചരിച്ചിരുന്നുവെന്ന് മറ്റ് നിരവധി ഇന്ത്യക്കാരും തെളിവ് സഹിതം നൽകിയിട്ടുണ്ട്.

സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്‍റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബഹുമതികള്‍ നല്‍കി പ്രസിഡന്‍റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലിട്ടറി കമ്മിഷന്‍ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്‍റെ ഔദ്യോഗിക മാധ്യമമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളുമുണ്ട്.

സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്നതില്‍ ചൈന മൗനം തുടരുകയാണ്. ഗല്‍വാന്‍, പാംഗോങ് തടാകം, ഹോട്സ്പ്രിങ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അയവ് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാകത്തില്‍നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി.

MORE IN INDIA
SHOW MORE
Loading...
Loading...