കരിമ്പ് കുടിശ്ശിക 15,000 കോടി; മോദി 2 വിമാനമെടുത്തതിന് 16,000 കോടി; പ്രിയങ്ക

priyanka-up-farmers
SHARE

കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ നവംബർ മുതൽ പ്രതിഷേധിക്കുന്ന കർഷകരോട് സമരം ശക്തമായി തുടരണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘ഈ സർക്കാർ ദുർബലമാണ്, പിന്നോട്ട് പോകും’– ഉത്തർപ്രദേശിലെ മുസഫർനഗറിലെ റാലിയിൽ അവർ പറഞ്ഞു.

‘നിങ്ങളുടെ വരുമാനം ഇരട്ടിയാക്കുമെന്നും കരിമ്പ് കുടിശ്ശിക നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കരിമ്പ് കുടിശ്ശിക 15,000 കോടി രൂപയാണ്. 16,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രി രണ്ടു വിമാനങ്ങൾ വാങ്ങി. പുതിയ പാർലമെന്റിനായി 20,000 കോടി. എന്നാൽ കരിമ്പ് കുടിശ്ശിക നൽകിയില്ല. പാചകവാതക വിലയും വർധിച്ചു കൊണ്ടിരിക്കുകയാണ്. 2018ൽ ഡീസലിന് 60 രൂപയായിരുന്നു. ഇപ്പോൾ അത് 90 രൂപയ്ക്കടുത്താണ്.

ഡീസലിന് നികുതി ഏർപ്പെടുത്തിയതിലൂടെ കഴിഞ്ഞ വർഷം ബിജെപി സർക്കാർ 3.5 കോടി രൂപ സമ്പാദിച്ചു. ആ പണം എവിടെയാണ്? എന്തുകൊണ്ടാണ് കർഷകരെ ശ്രദ്ധിക്കാത്തത്? മോദിക്ക് ചൈനയിലേക്കും അമേരിക്കയിലേക്കും പോകാം. പക്ഷേ കർഷകരുടെ അടുത്തേക്ക് പോകാൻ കഴിയില്ല. ഡൽഹി അതിർത്തി പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് 5–6 കിലോമീറ്റർ അകലെയാണ്. രാജ്യ തലസ്ഥാനത്തിന്റെ അതിർത്തി നിർമിച്ചിരിക്കുന്നത് രാജ്യത്തിന്റെ അതിർത്തി പോലെയാണ്.

90 ദിവസത്തിലേറെയായി ലക്ഷക്കണക്കിന് കർഷകർ ഡൽഹിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നു. 215 കർഷകർ മരിച്ചു. വൈദ്യുതി വിതരണം റദ്ദാക്കി. കർഷകരെ പീഡിപ്പിക്കുന്നു, കളിയാക്കുന്നു. രാഷ്ട്രീയത്തിനായി എന്റെ മുഖം കാണിക്കാനല്ല ഞാൻ വന്നത്. ഈ സർക്കാർ ദുർബലമാണ്. ഈ സർക്കാർ പിന്നോട്ട് പോകേണ്ടിവരും, ഞങ്ങൾ പോരാടും’ – അവർ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...