ഡല്‍ഹി അതിർത്തിയിൽ പ്രതിഷേധക്കാർ കുറയുന്നു; തന്ത്രം മാറ്റുകയാണെന്നു കർഷകര്‍

delhi-farmers-protest
SHARE

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ എണ്ണം കുറയുന്നു. തുടർച്ചയായ 83–ാം ദിനത്തിലും സമരം മാറ്റമില്ലാതെ തുടരുമ്പോഴും ഡൽഹി അതിർത്തികളായ ഗാസിപൂർ, സിംഘു മേഖലകളിലുള്ള കർഷകരുടെ എണ്ണം കുറയുന്നതായാണു റിപ്പോർട്ടുകൾ. കർഷകരിൽ കൂടുതൽ പേരും ഗ്രാമങ്ങളിലേക്കു മടങ്ങുകയാണ്. ഒരു മാസം മുൻപ് വരെ ആയിരങ്ങള്‍ തടിച്ചുകൂടിയ സമരഭൂമിയിൽ ഇപ്പോൾ അതിന്റെ പകുതി പേർ മാത്രമാണുള്ളത്.

സമരം ഇനിയും ഏറെ നീളുമെന്നതിനാലാണു മടങ്ങിപ്പോകുന്നതെന്നാണു കർഷകരുടെ പ്രതികരണം. ഇതൊരു പുതിയ തന്ത്രമാണ്. പ്രക്ഷോഭം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണു നീക്കമെന്നും കര്‍ഷകർ പറയുന്നു. സമരത്തിന് കൂടുതല്‍ പിന്തുണ ആർജിക്കുന്നതിനായി സംസ്ഥാനങ്ങളിലാകെ വലിയ റാലികൾ നടത്താനാണു കർഷകരുടെ തീരുമാനം. മഹാപഞ്ചായത്തുകള്‍ വ്യാപകമായി സംഘടിപ്പിക്കണമെന്നാണു കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനം. അടുത്ത 10 ദിവസത്തിനുള്ളിൽ ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സമരപരിപാടികളിൽ രാകേഷ് ടിക്കായത്ത് സംസാരിക്കും.

ഇരു വിഭാഗങ്ങളും പിന്നോട്ടുപോകാൻ തയാറാകാതിരുന്നതോടെ കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ 18 മാസത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്രനിർദേശവും കർഷകർ തള്ളി. ഡൽഹി അതിർത്തിയിൽ 10 ലക്ഷം പേർ തടിച്ചുകൂടിയാലും കേന്ദ്രം സമരം പിൻവലിക്കാൻ തയാറാകുമോയെന്നു പ്രതിഷേധിക്കുന്ന കർഷകൻ രാകേഷ് ദേശീയ മാധ്യമത്തോടു ചോദിച്ചു. ഞങ്ങൾ രാജ്യത്താകെയും പ്രതിഷേധിക്കും. എല്ലാ ജില്ലകളിലും ഞങ്ങളുടെ ആൾക്കാർ വ്യാപിക്കുകയാണ്. യോഗങ്ങൾ നടക്കുകയാണ്– അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പിടിവാശി കണ്ടാണ് ആദ്യഘട്ടത്തിൽ ഡൽഹി അതിർത്തി കേന്ദ്രീകരിച്ചു തന്നെ പ്രതിഷേധിച്ചതെന്ന് ഗാസിപൂർ പ്രതിഷേധ കമ്മിറ്റി വക്താവ് ജക്തർ സിങ് ബജ്‍വ പ്രതികരിച്ചു. കർഷക നേതാക്കൾ തന്ത്രം മാറ്റുകയാണ്. അങ്ങനെ പ്രതിഷേധം എല്ലാ ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും എത്തും. യുവാക്കളുടെ ശക്തിയും നമ്മൾ ഉപയോഗിക്കണം. ഇനി കർഷകർക്ക് അവരുടെ ജോലിയും ചെയ്യാം. അതിർത്തിയിലെയും കൃഷിയിടത്തിലെയും കർഷകർക്ക് പ്രതിഷേധത്തിന്റെ ഭാഗമാകാം– ബജ്‍വ വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...