മോദിയും മമതയും നേർക്കുനേർ; അകലം പാലിച്ച് ഇരുവരും; അപൂർവം ഈ കാഴ്ച

modi-mamata
SHARE

മമതയെ വലിച്ച് താഴെയിടാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപി. ഒപ്പം നിന്നവരെ പോലും അടർത്തിമാറ്റി ദീദിയെ ഒറ്റപ്പെടുത്തുന്ന ബിജെപി. അമിത് ഷായുമായി തുറന്ന പോര്. മൗനമാണെങ്കിലും മോദി അറിയാതെ ഒന്നും നടക്കില്ലെന്ന് മമതയ്ക്കും അറിയാം. ഈ സൗഹചര്യത്തിലാണ് ഇന്ന് മമതയും മോദിയും ഒരുമിച്ചെത്തിയത്.

രാഷ്ട്രീയമായി ഏറെ സവിശേഷതയുള്ള ഒരു നേർക്കുനേർ കാഴ്ച ഇന്ന് സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയാണ്. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിനു മുമ്പിൽ വച്ചാണ് ഈ അപൂർവക്കാഴ്ച. സ്വാതന്ത്ര്യ സമരസേനാനി നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്മദിനം കൊണ്ടാടുന്നതിനെക്കുറിച്ചുളള വാഗ്വാദങ്ങൾ കഴിഞ്ഞ് മിനിറ്റുകൾക്കകമാണ് കണ്ടുമുട്ടൽ. നേതാജിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടുളള മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നോതാജിയോടുളള ആദരസൂചകമായി റാലിയാണ് സംഘടിപ്പിച്ചത്. ബംഗാൾ അസംബ്ലി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇരുവരും നേതാജിയുടെ ജന്മദിനാഘോഷമടങ്ങുന്ന കാര്യങ്ങളിൽ മത്സരം നടത്തുന്നതെന്നാണ് പാർട്ടികൾക്കുളളിലെ സംസാരം.

നേതാജിയുടെ ജന്മദിനാഘോഷം എങ്ങനെ വേണമെന്നത് സംബന്ധിച്ച് ബിജെപി സർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിൽ നേരത്തെ മുതൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അപ്പോഴാണ് ആറു കിലോമീറ്റർ റാലിയെന്ന ആഹ്വാനവുമായി മമത എത്തിയത്. റാലിക്ക് ശേഷം മമത വിക്ടോറിയ മെമ്മോറിയൽ സന്ദർശിക്കുമെന്ന് മോദിയും കരുതിയില്ലായിരിക്കാം. ഇതേ സമയത്തു തന്നേ പ്രധാനമന്ത്രിയും കൊൽക്കത്തയിലെ മ്യൂസിയം ഉദ്ഘാടനത്തിനു മുന്നോടിയായി മെമ്മോറിയലിൽ എത്തുകയായിരുന്നു. കണ്ടുമുട്ടലിന് മുമ്പാണ് മമത നേതാജിയുടെ ജന്മദിനം പൊതു അവധിയാക്കാത്തതിലുളള പ്രതിഷേധം കേന്ദ്ര സർക്കാരിനോട് അറിയിച്ചത്.

'നിങ്ങൾ പുതിയ പാർലമെന്റുകൾ പണിയുന്നു, വിമാനങ്ങൾ വാങ്ങുന്നു. എന്നിട്ടും നേതാജിക്കായി ഒരു സ്മാരകവും പണിതില്ല' എന്ന് പറഞ്ഞാണ് മമത ബിജെപി സർക്കാരിനെ വിമർശിച്ചത്. അതേസമയം നേതാജിയെ രാജ്യം സ്മരിക്കുന്ന അവസരത്തിൽ വഴി ഉപരോധിച്ച് റാലി നടത്തുന്നത് നേതാജിയെ നിന്ദിക്കുന്നതിനു തുല്യമാണെന്ന് ബിജെപിയുടെ ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു. ഇതിനെല്ലാം പുറമെ നേതാജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ മമതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്തു.

പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച മമത രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. സദസിൽ നിന്ന് ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതോടെയാണ് മമത പ്രസംഗം നിർത്തിയത്. വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് പറഞ്ഞാണ് മമത വേദി വിട്ടത്. മോദി ഈ സമയത്ത് മൗനം പാലിക്കുകയും ചെയ്തു.

MORE IN INDIA
SHOW MORE
Loading...
Loading...