എന്തിനായി പോരാടുന്നോ അതെന്‍റെ മതം; ആ മതഭ്രാന്ത് എനിക്ക് ആവോളമുണ്ട്: രാഹുല്‍

rahul-farmbills-protest
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് വ്യക്തിത്വമുണ്ടെന്നും അതിനാൽ ആരേയും പേടിക്കേണ്ടതില്ലെന്നും രാഹുൽ തുറന്നടിച്ചു. കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾ കർഷകർക്ക് ദോഷം മാത്രമേ ചെയ്യൂ എന്ന് വിമർശിച്ചതിനു തൊട്ടുപാന്നാലെയാണ് രാഹുലിന്റെ ഉറച്ച വാക്കുകള്‍.  

'എനിക്ക് വ്യക്തിത്വമുണ്ട്. ഞാനാരേയും പേടിക്കുന്നില്ല. ഒറ്റയ്ക്ക് നിന്ന് പോരാടാനും തയ്യാറാണ്. അവർക്കെന്നെ വെടിവയ്ക്കാനാകുമായിരിക്കാം, പക്ഷെ തൊടാനാകില്ല. ഞാനൊരു ദേശസ്നേഹിയാണ്. എനിക്കെന്റെ രാജ്യത്തെ സംരക്ഷിക്കുകയാണ് പ്രധാനം. ആരും കൂടെ നിന്നില്ലെങ്കിലും ഞാൻ ഇതിൽ ഉറച്ചുനിൽക്കും' അദ്ദേഹം പറഞ്ഞു. താനെന്തിനു വേണ്ടി പോരാടുന്നോ അതാണ് തന്റെ മതമെന്നും ആ മതഭ്രാന്ത് മറ്റുളളവരേക്കാൾ അധികമായി തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ ഒരിക്കൽ കൂടി സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്നും രാഹുൽ പറഞ്ഞു. പത്രസമ്മേളനത്തിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുളള മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി അധ്യക്ഷൻ ജെപി നഡ്ഢയേയും അദ്ദേഹം വിമർശിച്ചു. നഡ്ഢ കർഷകരുടെ കൂടെ നിൽക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ വാദം.

യുപിഎ സർക്കാരിന്റെ കാലത്ത് നേതാക്കൾ കർഷകരുടെ കൂടെത്തന്നേയായിരുന്നു എന്നും അദ്ദേഹം പരാമർശിച്ചു. കാർഷിക മേഖലയെ തകിടം മറിക്കാനാണ് പുതിയ നിയമങ്ങളെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 

'കുത്തകകളെ വളർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.നിയമങ്ങൾ സ്ഥിതി വഷളാക്കുകയെ ഉളളൂ. രാജ്യത്തെ ഇടത്തരം ജീവിതം നയിക്കുന്നവർക്ക് ഈ നിയമങ്ങൾ തിരിച്ചടിയാകും. കർഷകർക്ക് അർഹമായ ലാഭം കിട്ടുകയുമില്ല' അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ 65 കോടിയോളം വരുന്ന കർഷകർക്ക് വേണ്ടിയാണ് ഹരിയാനയിലേയും പഞ്ചാബിലേയും കർഷകർ പോരാടുന്നതെന്നും അവരോടൊപ്പം താനും നിൽക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...