രജനിയുടെ ‘മക്കള്‍’ കൊഴിഞ്ഞുപോകുന്നു; ഡിഎംകെയിലേക്ക് ഒഴുക്ക്; സംഭവിക്കുന്നത്

rajini-fans-rift
SHARE

രാഷ്ട്രീയത്തിലേക്കില്ലെന്നു രജനികാന്ത് പ്രഖ്യാപിച്ചതിനു പിന്നാലെ രജനി മക്കള്‍ മന്‍ഡ്രത്തില്‍  കൊഴിഞ്ഞുപോക്ക്. ഇന്നലെ മാത്രം മൂന്നു ജില്ലാ സെക്രട്ടറിമാരാണ് ഡി.എം.കെയിലെത്തിയത്. രജനികാന്ത് തുടങ്ങാനിരുന്ന പാര്‍ട്ടിയായ മക്കള്‍ സേവ കക്ഷിയുടെ റജിസ്ട്രേഷനുള്ള തൂത്തുക്കുടി ജില്ലാ  െസക്രട്ടറി സ്റ്റാലിന്‍ ജോസഫ്, രാമാനാദപുരം സെക്രട്ടറി കെ.സെന്തില്‍ സെല്‍വാനന്ത്, തേനിയുടെ  ചുമതലയുള്ള ആര്‍.ഗണേഷന്‍ എന്നിവരാണ്  ആര്‍.എം.എം. പദവികള്‍ രാജിവച്ചു ഡി.എം.കെയിലെത്തിയത്.  ചെന്നൈയിലെത്തി ഡി.എം.കെ അധ്യക്ഷനെ കണ്ടാണ് മൂവരും  ദ്രാവിക കൂടാരത്തിലെത്തിയത്.  സ്റ്റാലിന്റെ പേരിലായിരുന്നു മക്കള്‍ സേവ കക്ഷി തിര‍ഞ്ഞെടുപ്പു കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഓട്ടോറിക്ഷ ചിഹ്നമായുള്ള  ഈ പാര്‍ട്ടി രജനിക്കുവേണ്ടിയാണെന്നു ഏറെക്കുറെ ഉറപ്പായിരുന്നു. തലൈവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണു പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന സ്റ്റാലിന്റെ പ്രതികരണത്തില്‍  മന്‍ഡ്രം ഭാരവാഹികളുടെ മനസ് വ്യക്തവുമാണ്.

ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാം: മക്കള്‍ മന്‍ഡ്രം

പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയില്‌‍ ചേരുന്നതിനു വിലക്കോ, തടസമോ ഇല്ലെന്ന്  വ്യക്തമാക്കി  മൂന്നു പ്രബല ജില്ലാ സെക്രട്ടറിമാര്‍ സംഘടന വിട്ടതിനു പിന്നാലെ  ആര്‍.എം.എം. പ്രസ്താവന ഇറക്കി.  കൂടുതല്‍ പേര്‍ രജനിയെയും മക്കള്‍ മന്‍ഡ്രത്തെയും കൈവിടുമെന്നു ഏതാണ്ടുറപ്പായതോടെയാണു  പ്രസ്താവന. ഈ പ്രസ്താവന സംഘടനയില്‍ നിന്നുള്ള  കൊഴിഞ്ഞുപോക്കു  തടയുമോയെന്നതാണു പ്രധാനം. 

കഴിഞ്ഞ മൂന്നു വര്‍ഷമായി അനൗദ്യോഗികമായി രാഷ്ട്രീയ പാര്‍ട്ടിയായാണ് ആര്‍.എം.എം  പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തുതന്നെ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷനായ ആര്‍.എം.എമ്മിനു കേഡര്‍ സ്വഭാവമുള്ളതിനാല്‍  ഈ മാറ്റം വലിയ പ്രതിസന്ധിയായിരുന്നില്ല. തലൈവരുടെ ഔദ്യോഗിക പ്രഖ്യാപനമെന്ന കടമ്പ മാത്രമായിരുന്നു രാഷ്ട്രീയ കുപ്പായത്തിലേക്കുള്ള മാറ്റത്തിനു മുന്നിലുണ്ടായിരുന്നത്. പക്ഷേ ഡിസംബര്‍ 25നു ക്രിസ്മസ് ദിനത്തില്‍ രജനികാന്തിന് രക്തസമ്മര്‍ദം കൂടിയതോടെ ഏറെ കാലമായി ശ്രദ്ധയോടെ രൂപെടുത്തി പരിപാലിച്ചിരുന്ന പാര്‍ട്ടിയെന്ന പ്രതീക്ഷയുടെ കാറ്റൊഴിഞ്ഞു. ആരോഗ്യ സ്ഥിതി കണക്കിലെടുത്തു രാഷ്ട്രീയത്തിലേക്കില്ലെന്നു ഇരുപത്തിയേഴിന് രജനികാന്ത് പ്രഖ്യാപിച്ചു. ആരാധകര്‍ ഇതൊരു  അപേക്ഷയായി കാണമെന്നും വാര്‍ത്താക്കുറിപ്പില്‍ താരം പറഞ്ഞിരുന്നു. 

എന്നും തലൈവരുടെ ചലനങ്ങള്‍ക്ക് അനുസരിച്ചു മാത്രം ചലിച്ചിട്ടുള്ള ആര്‍.എം.എമ്മില്‍ ആദ്യമായി അപചലനങ്ങളുണ്ടായി. പോയസ് ഗാര്‍ഡനിലെ വീടിനു മുന്നില്‍ ഒറ്റയ്ക്കൊറ്റക്കായി ആരാധകര്‍ എത്തി. ചിലര്‍ പ്രതിഷേധിച്ചു കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. അയല്‍വാസികള്‍ക്കു കൂടി ബുദ്ധിമുട്ടിലാകുന്നതു കണക്കിലെടുത്തു പൊലീസ് പ്രവേശനം നിയന്ത്രിച്ചതോടെ ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ഒറ്റപ്പെട്ട പ്രതിഷേധമുണ്ടായി. ചിലയിടങ്ങളില്‍ കോലം കത്തിച്ചു. ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു.  ഈമാസം പത്തിന് ഈ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കു  സംഘടിത രൂപമുണ്ടായി. 

വെള്ളുവര്‍കോട്ടത്ത് സംഘടിച്ച ജനക്കൂട്ടം തലൈവരുടെ വരവിനായി മുദ്രാവാക്യം വിളിച്ചു,വികാരാധീനരായി. സിനിമകളിലെ രാഷ്ട്രീയ ഡയലോഗുകള്‍ പല ടോണുകളില്‍ ആവര്‍ത്തിച്ചുറക്കെ വിളിച്ചു. തൊട്ടുപിറകെ തീരുമാനത്തില്‍ മാറ്റമില്ലെന്നും  സമ്മര്‍ദത്തിലാഴ്ത്തരുതെന്നും ആവശ്യപ്പെട്ടു സൂപ്പര്‍ സ്റ്റാര്‍ രംഗത്തെത്തിയതോടെ  രാജ്യം തന്നെ ഏറെ കൗതുകപൂര്‍വം കാത്തിരുന്ന രജനികാന്തിന്റെ രാഷ്ട്രീയ ജീവിതത്തിനു കര്‍ട്ടണ്‍ വീണു. ഇതോടെ പാര്‍ട്ടി സ്വപ്നം കണ്ടിരുന്ന  മക്കള്‍ മന്‍ഡ്രം  ഭാരവാഹികളും അണികളും  നടുക്കടിലില്‍ കപ്പിത്താനില്ലാത്ത കപ്പലില്‍ അകപ്പെട്ട  അവസ്ഥയിലായി. 

പ്രതിസന്ധികള്‍ പലവിധം

പാര്‍ട്ടിയായി രൂപം മാറുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു നേതാക്കളില്‍ പലരും. തലൈവരുടെ വരവിലൂടെ വന്‍ ജനമുന്നേറ്റമുണ്ടാകുമെന്നും  അതുവഴി സ്വന്തം ജീവിതം മാറുമെന്നും പലരും സ്വപ്നം കണ്ടു. ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും മന്‍ഡ്രം ഭാരവാഹികള്‍ താഴെ തട്ടില്‍ ജനങ്ങളിലേക്കിറങ്ങി  പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. അങ്ങനെ  തമിഴ് ഗ്രാമങ്ങളില്‍ പുതിയ പാര്‍ട്ടി  നേതാക്കളായി അറിയപ്പെടാന്‍ തുടങ്ങിയവരാണ് ഒരു സുപ്രഭാതത്തില്‍ ഒന്നുമില്ലാതായത്. മടങ്ങാന്‍ വഴിയില്ലെന്നും തീരുമാനം അംഗീകരിക്കാനാവില്ലെന്നും പത്താം തിയ്യതി ചെന്നൈയിലെ സമരത്തിനെത്തിയ  പലരും പറഞ്ഞതിലുണ്ട്  നിലവിലെ  അരക്ഷിതാവസ്ഥയുടെ ആഴം. പണം എല്ലാം നിയന്ത്രിക്കുന്ന തമിഴ് രാഷ്ട്രീയത്തിലേക്കാണു രജനി ഇറങ്ങാനിരുന്നത്. ആദര്‍ശത്തിനപ്പുറം പണം ഇറക്കി കളിക്കുന്ന തട്ടകത്തില്‍ മക്കള്‍ മന്‍ഡ്രം ഭാരവാഹികളും ചെറിയ തോതില്‍  ഇറങ്ങിയിരുന്നുവെന്നതും സത്യമാണ്.   ഇങ്ങിനെ ബഹുതല പ്രതിസന്ധികളാണ് രജനി മക്കള്‍ മന്‍ഡ്രം ഭാരവാഹികള്‍ നേരിടുന്നത്.

കൂടുമാറാന്‍ കൂടുതല്‍ പേര്‍

ഇതിനകം മക്കള്‍ മന്‍ഡ്രത്തെ നിയന്ത്രിച്ചിരുന്ന ആറുപേര്‍, ആര്‍.എം.എമ്മിന്റെ മുഖമായിരുന്നവര്‍ പുതിയ ലാവണങ്ങളിലെത്തി. സ്റ്റാലിന്‍ ജോസഫിനും  സെന്തില്‍ സെല്‍വാനന്തിനും ആര്‍ ഗണേഷിനും പുറമെ ആര്‍.എം.എമ്മിന്റെ ഐടി വിങ് നേതാവ് കെ.ശരവണന്‍, വ്യാപാരി നേതാവ് എസ്.മുരുകാനന്ദന്‍, രാമാനാഥപുരം  ഡെപ്യൂട്ടി സെക്രട്ടറി എ. സെന്തില്‍വേല്‍ എന്നിവര്‍ ഇതിനകം  ഡി.എം.കെയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഇതേ പാത പിന്തുടരുമെന്നാണു സൂചന. 

വലവിരിച്ചു പാര്‍ട്ടികള്‍

മറ്റു പാര്‍ട്ടികളില്‍ നിന്ന ആളുകളെ അടര്‍ത്തിയെടുക്കുന്നതിലേറെ എന്തുകൊണ്ടും നല്ലതാണ് ആര്‍.എം.എം എന്നാണ്  പ്രമുഖ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഇതുവരെ കൃത്യമായ രാഷ്ട്രീയ ചായ്്വൊന്നും പ്രകടിപ്പിക്കാതിരുന്ന ആര്‌.എം.എമ്മില്‍ നിന്ന് ആളുകളെത്തുമ്പോള്‍ സാധാരണ കാണുന്ന വിമര്‍ശനങ്ങളോ, താത്വിക പ്രതിസന്ധികളോ ഇല്ല. കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെ അതേ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നതും നേട്ടമായി കാണുന്നുണ്ട്.  നിലവില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ വിജയിച്ചിട്ടുള്ള ഡി.എം.കെയിലേക്കാണ് ഒഴുക്ക്. അണികളെ പിടിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും  രംഗത്തുണ്ട്. താരത്തിന്റെ ആത്മീയ നിലപാടിനോടു യോജിപ്പുള്ളവര്‍ കൂടെ വരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE
Loading...
Loading...