മമത റാലി നടത്തിയ അതേയിടത്ത് ബിജെപി റോഡ് ഷോ; കുപ്പിയേറ്; ഓട്ടം

bengal-bjp-tmc-run
SHARE

തൃണമൂലിനെ തകർത്ത് ബംഗാൾ പിടിക്കാനുള്ള അടവുകളെല്ലാം പയറ്റുകയാണ് ബിജെപി. പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തൃണമൂലും തുടങ്ങിയതോടെ തെരുവിലേക്ക് പോരാട്ടം മാറുകയാണ്. ഇന്ന് ബിജെപി കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കുനേരെ തൃണമൂൽ കൊടിയേന്തി എത്തിയവർ കല്ലേറും കുപ്പിയേറും നടത്തി. മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയാണ് ബിജെപി അതേ സ്ഥലത്ത് റോഡ് ഷോയുമായി എത്തിയത്.

തൃണമൂലിന്റെ കൊടിയേന്തിയ എത്തിയവർ ബിജെപി ജാഥയ്ക്ക് നേരെ തിരിയുകയായിരുന്നു. കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ്. പിന്നാലെ ബിജെപി പ്രവർത്തകർ സംഘടിച്ച് എത്തിയതോടെ റോഡിൽ നിന്ന് തൃണമൂൽ പ്രവർത്തകർ ഓടിമാറുന്നതും വിഡിയോയിൽ കാണാം. 

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു ജനവിധി തേടുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ബിജെപിയിലേക്ക് കൂടുമാറിയ വിമതനേതാവ് സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. ‘നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാൻ ഇവിടെനിന്നും മത്സരിക്കും’– പൊതുയോഗത്തിൽ മമത പറഞ്ഞു.

കൊൽക്കത്തയിലെ ഭവാനിപുർ ഉൾപ്പെടെ രണ്ട് നിയോജക മണ്ഡലങ്ങളിൽനിന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മമത വ്യക്തമാക്കി. നന്ദിഗ്രാമിലെ കർഷക സമരത്തെ പിന്തുണച്ചതാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി 2011ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ മമതയെ സഹായിച്ചത്. 

2007ൽ, നന്ദിഗ്രാമിലെ സെസ് പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. പാർട്ടിയിലെ ജനകീയ നേതാവായ സുവേന്ദു അധികാരി, ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നതിനുള്ള രാഷ്ട്രീയ മറുപടി കൂടിയാണ് നന്ദിഗ്രാമിൽ മത്സരിക്കാനുള്ള മമതയുടെ തീരുമാനമെന്നാണു കരുതുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...