ചാറ്റിൽ വിവാദം കത്തുന്നു; വഞ്ചനയെന്ന് കോൺഗ്രസ്; പ്രതികരിച്ച് അർണബ്

arnab-chat
SHARE

രാജ്യസുരക്ഷാ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് ചോര്‍ന്നു കിട്ടിയെന്ന ആരോപണത്തില്‍ വിവാദം കത്തുന്നു. വോട്ടിനും ടിആര്‍പിക്കും വേണ്ടി ബിജെപി രാജ്യത്തെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരും ഇന്ത്യയിലെ മാധ്യമങ്ങളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ തെളിവാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പാക്കിസ്ഥാനെ കോണ്‍ഗ്രസ് സഹായിക്കുകയാണെന്ന് അര്‍ണബ് വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിന്‍റെ മുന്‍ മേധാവി പാര്‍ഥോ ദാസ്ഗുപ്തയുമായി നടത്തിയ വാട്സാപ് സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തില്‍ നമ്മള്‍ ജയിച്ചു കഴിഞ്ഞുവെന്ന് പുല്‍വാമ ഭീകരാക്രമണത്തിന് െതാട്ടുപിന്നാലെ അര്‍ണബിന്‍റെ ആവേശത്തോടെയുള്ള സന്ദേശം. വലിയ ആള്‍ക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പില്‍ അദ്ദേഹം നേട്ടമുണ്ടാക്കുമെന്നും പാര്‍ഥോ ദാസ്ഗുപ്തയുടെ മറുപടി. വലിയ ചില കാര്യങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് ബാലാക്കോട്ട് വ്യോമാക്രമണത്തിന് മുന്‍പ് അര്‍ണബിന്‍റെ വാട്സാപ് സന്ദേശം. രാജ്യസുരക്ഷാവിവരങ്ങള്‍ അര്‍ണബിന് ലഭിച്ചതിനെക്കുറിച്ച് സംയുക്തപാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. 

പ്രതിപക്ഷനിരയെ സര്‍ക്കാരിെനതിരെ ഒന്നിച്ച് അണിനിരത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അപകടരമായ സൈനിക സാഹസികതയാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് യുദ്ധവെറിയാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്നത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടായിരുന്നുവെന്ന് അര്‍ണബ് ഗോസ്വാമി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റിപ്പബ്ലിക് ടിവിക്കെതിരെ പാക്കിസ്ഥാന്‍ ഗൂഢാലോചന നടത്തുകയാണ്. കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും അതിനെ പിന്തുണയ്ക്കുന്നുവെന്നും അര്‍ണബ് പ്രതികരിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...