‘സമരക്കാരുടെ ബിരിയാണിത്തീറ്റ പക്ഷിപ്പനി പരത്തും’; ആക്ഷേപിച്ച് ബിജെപി എംഎല്‍എ

farmers-food
SHARE

ഒന്നര മാസത്തിലേറെയായി തുടരുന്ന കർഷക സമരത്തിനെതിരെ വിവാദ പരാമർശങ്ങളുമായി രാജസ്ഥാനിലെ ബിജെപി എംഎൽഎ. ഡൽഹി അതിർത്തികളിലെ സമരക്കാർ കോഴി ബിരിയാണിയാണു തിന്നുന്നതെന്നും അതു പക്ഷിപ്പനി രാജ്യവ്യാപകമാകാൻ കാരണമാകുമെന്നും രാംഗഞ്ച് മണ്ഡി എംഎൽഎ മദൻ ദിലാവർ ആരോപിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.

‘കർഷക സമരം പിക്നിക് മാത്രമാണ്. രാജ്യത്തിനോ ജനങ്ങൾക്കോ പുതിയൊരു ആശയം നൽകുന്നില്ല. അവർ ബിരിയാണി കഴിച്ച് ആസ്വദിക്കുകയാണ്. സമരക്കാർ കശുവണ്ടി പരിപ്പ് അടക്കമുള്ള ഡ്രൈ ഫ്രൂട്ട്സാണു കഴിക്കുന്നത്. എല്ലാ തരത്തിലും ആസ്വദിക്കുന്നു, ഇടയ്ക്കിടെ വേഷം മാറുന്നു. കൂട്ടത്തിൽ നിരവധി തീവ്രവാദികളുണ്ട്. കള്ളന്മാരും കൊള്ളക്കാരുമുണ്ട്. കർഷകരുടെ ശത്രുക്കളാണിവർ. വരും ദിവസങ്ങളിൽ അഭ്യർഥിച്ചോ ബലം പ്രയോഗിച്ചോ സർക്കാർ ഇവരെ നീക്കിയില്ലെങ്കിൽ പക്ഷിപ്പനി രാജ്യത്തു വലിയ പ്രശ്നമാകുമെന്നു ‍ഞാൻ സംശയിക്കുന്നു.’– മദൻ ദിലാവർ പറഞ്ഞു.

സമരക്കാരെപ്പറ്റിയുള്ള ബിജെപിയുടെ ചിന്തയാണു മദനിലൂടെ പുറത്തുവന്നതെന്നു രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്താസ്ര വിമർശിച്ചു.

അതേസമയം, പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്താമെന്ന തന്ത്രത്തിനു മുന്നിലും പിന്നാക്കം പോകാതെ കർഷകർ സമരം കടുപ്പിക്കുകയാണ്. ഡൽഹി അതിർത്തിയിൽ തുടരുന്ന സമരത്തിനു പിന്തുണ അറിയിച്ചു പഞ്ചാബിലും ഹരിയാനയിലും ഗ്രാമങ്ങളിൽ ട്രാക്ടർ റാലികൾ നടന്നു. വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്നു സർക്കാരും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു കർഷക സംഘടനകളും 8–ാം തവണ നടന്ന ചർച്ചയിലും നിലപാട് എടുത്തിരുന്നു. സമരം 46–ാം ദിവസത്തിലേക്കു കടന്നു.

MORE IN INDIA
SHOW MORE
Loading...
Loading...