ചികിൽസ സൗജന്യം; ആധുനിക സൗകര്യങ്ങളോടെ ജീവൻ രേഖ എക്സ്പ്രസ് പാളത്തിൽ

train-hospital
SHARE

ആരോഗ്യരംഗത്ത് പുത്തൻ ഉണർവുമായി പാളത്തിലേക്ക് ഏറെ പുതുമകളോടെ സജീവമാവുകയാണ് ഇന്ത്യയുടെ 'ലൈഫ്‍‍ലൈൻ എക്സ്പ്രസ്' അഥവാ 'ജീവന്‍ രേഖ എക്സ്പ്രസ്' എന്ന ഹോസ്പിറ്റല്‍ ട്രെയിന്‍. രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന ട്രെയിനാണ് ഇത്. നിലവില്‍ ആസാമിലെ ബദര്‍പൂരില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്‍റെ ചിത്രങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.

1991- ലാണ് ലൈഫ്‍‍ലൈൻ എക്സ്പ്രസ് ആരംഭിക്കുന്നത്. ഇംപാക്റ്റ് ഇന്ത്യ ഫൗണ്ടേഷന്‍റെയും ഇന്ത്യൻ റെയിൽ‌വേയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും സംയുക്ത സംരംഭമായാണ് തുടങ്ങിയത്. ഐഐഎഫ്, രാജ്യാന്തര ചാരിറ്റബിൾ സംഘടനകള്‍, ഇന്ത്യൻ കോർപ്പറേഷനുകൾ, വ്യക്തികൾ എന്നിവരാണ് ട്രെയിനിന് ധനസഹായം നൽകുന്നത്. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ് ഇത്. ഇന്ത്യയിലും ലോകമെമ്പാടും സമാനമായ സംരംഭങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് വ്യത്യസ്തമായ ഈ ആശയം.

ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ, തുടക്കകാലത്ത് മൂന്നു കോച്ചുകള്‍ മാത്രമാണ് ലൈഫ്‌ലൈന്‍ എക്സ്പ്രസിനുണ്ടായിരുന്നത്. ഇന്ത്യയിലുടനീളം 93 പദ്ധതികളാണ് ഇതുവരെ ട്രെയിന്‍ നടപ്പിലാക്കിയത്. പുതുക്കിയ ട്രെയിനിനുള്ളില്‍ അഞ്ചു പുതിയ കോച്ചുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇന്ന്, എയർകണ്ടീഷൻഡ് കോച്ചുകൾ മുതൽ സ്റ്റാഫ് കംപാർട്ട്‌മെന്റുകൾ വരെ, അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം രൂപകൽപ്പന ചെയ്ത എയർകണ്ടീഷൻഡ് കോച്ചുകൾ, പവർ കാർ, 12-ബെർത്ത് സ്റ്റാഫ്-ക്വാർട്ടർ, കിച്ചൻ യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, ഗ്യാസ് സ്റ്റവ്, ഇലക്ട്രിക് ഓവൻ, റഫ്രിജറേറ്റർ എന്നിവ ജീവന്‍ രേഖ ട്രെയിനിലുണ്ട്.

മെഡിക്കല്‍ സൗകര്യങ്ങളില്‍ നേത്രരോഗ പരിശോധനാ മുറി, ഒരു ഡെന്‍റല്‍ യൂണിറ്റ്, ഒരു ലബോറട്ടറി, എക്സ്-റേ യൂണിറ്റ്, വലിയ എൽസിഡി ഡിസ്പ്ലേ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്ന ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടു ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഈ ട്രെയിനിനകത്തുണ്ട്. കൂടാതെ അഞ്ചു ഓപ്പറേറ്റിങ് ടേബിളുകള്‍, മറ്റു അത്യാവശ്യ സൗകര്യങ്ങള്‍ മുതലായവയും ഉണ്ട്. അള്‍ട്രാ മോഡേണ്‍ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ കൂടാതെ, ട്രെയിനിൽ പബ്ലിക് അഡ്രസ് സിസ്റ്റവും ക്ലോസ്ഡ് സർക്യൂട്ട് ടിവിയും സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യശാസ്ത്രരംഗത്തെ വിവിധ മേഖലകളില്‍ വിദഗ്ദ്ധരായ ഭിഷഗ്വരന്മാരുടെ സേവനം തികച്ചും സൗജന്യമായാണ് ട്രെയിനിനുള്ളില്‍ ലഭ്യമാക്കുന്നത്. വികലാംഗരായ മുതിർന്നവര്‍ക്കും കുട്ടികള്‍ക്കും വൈദ്യസഹായം നല്‍കുക എന്നതാണ് ഇതിന്‍റെ പ്രാഥമിക ലക്ഷ്യം. രാജ്യത്തെ, പ്രാഥമികാരോഗ്യ സേവനങ്ങളും വൈദ്യസഹായവും ലഭ്യമല്ലാത്ത വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍  എത്തും. പ്രകൃതിദുരന്തങ്ങൾ ഉള്ളപ്പോള്‍ അതാതിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ സേവനം ലഭ്യമാക്കും. 

ഓരോ സ്ഥലത്തും 21 മുതൽ 25 ദിവസം വരെ ട്രെയിൻ നിര്‍ത്തിയിടും. അവശ്യസേവനങ്ങൾ നൽകുന്നതിനൊപ്പം തന്നെ അതാതു സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ ആരോഗ്യ സേവനങ്ങളുടെയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും പദ്ധതിയുടെ നടത്തിപ്പില്‍ അവര്‍ക്ക് മുൻകൈയും പ്രോത്സാഹനവും നൽകുക എന്നതും ലൈഫ് ലൈൻ എക്സ്പ്രസിന്‍റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ട്രെയിൻ പോയതിനുശേഷം രോഗികള്‍ക്ക് ആവശ്യമായ തുടര്‍പരിചരണം നൽകേണ്ടത് ഇവരാണ്.2021 ജനുവരി 5 മുതൽ 24 വരെ ബരാക് താഴ്‍‍‍വരയിലുള്ള ജനങ്ങള്‍ക്ക് ജീവന്‍രേഖയുടെ വൈദ്യസഹായം ലഭ്യമാകും.

MORE IN INDIA
SHOW MORE
Loading...
Loading...