വിദ്യാർഥിനിയുടെ ജീവനെടുത്തത് ത്രികോണ പ്രണയമോ? അന്വേഷണം കടുപ്പിച്ച് പൊലീസ്

jahnvi-08
SHARE

കൂട്ടുകാർക്കൊപ്പം പുതുവൽസരമാഘോഷിക്കാനെത്തിയ കോളെജ് വിദ്യാർഥിനി അടിയേറ്റ് മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. ത്രികോണ പ്രണയമാണ് ജാൻവി കുക്രേജയെന്ന 19 കാരിയുടെ ജീവനെടുത്തതെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്. കേസിൽ ജാൻവിയുടെ കാമുകനും കൂട്ടുകാരിയും അറസ്റ്റിലായിട്ടുണ്ട്.

അന്ധേരിക്കു സമീപം ഖാർ വെസ്റ്റിൽ ബഹുനിലക്കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിലായിരുന്നു ജാൻവിയുടെ മൃതദേഹം. കൊലപാതക കാരണം കണ്ടെത്താൻ സംഭവം പുനരാവിഷ്കരിക്കാനാണു പൊലീസിന്റെ തീരുമാനം. ‘വരും ദിവസങ്ങളിൽ ജാൻവിയുടെ ഡമ്മി ഉപയോഗിച്ച് അന്നത്തെ സംഭവം പൊലീസ് പുനരാവിഷ്കരിക്കും. കേസിൽ കൂടുതൽ തെളിവുകൾ തേടിക്കൊണ്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ജാൻവിയുടെ തലയ്ക്കു പരുക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ആയിരിക്കാമിത്. രണ്ടു സാധ്യതകളാണു സംശയിക്കുന്നത്. എട്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നു താഴത്തേക്കു ജാൻവിയെ വലിച്ചിറക്കിയിട്ടുണ്ടാകാം. അല്ലെങ്കിൽ തള്ളിയിട്ടിരിക്കാം. പടിക്കെട്ടിൽ ചോരപ്പാടുകളും മുടിയും കണ്ടെത്തിയിരുന്നു. ജാൻവിയും പ്രതികളും തമ്മിൽ വഴക്കുണ്ടായെന്നാണു കരുതുന്നത്’– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒന്നാം തീയതി പുലർച്ചെ രണ്ടരയോടെയാണു ജാൻവിയുടെ മൃതദേഹം കെട്ടിടത്തിനു സമീപം കണ്ടെത്തിയത്. അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പുതുവർഷത്തെ ആദ്യത്തെ കൊലപാതകക്കേസാണ് മുംബൈ പൊലീസ് റജിസ്റ്റർ ചെയ്തത്. മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാർഥിയാണു ജാൻവി. പിതാവിന്റെ പിറന്നാൾ ആഘോഷമായിരുന്നതിനാൽ വെള്ളിയാഴ്ച പുലർച്ചെ 12.15 വരെ വീട്ടിലുണ്ടായിരുന്നു. തുടർന്നാണു കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സര ആഘോഷത്തിനു പോയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരുടെ മൊഴിയെടുത്തതായി പൊലീസ് അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...