ഡൽഹി കീഴടക്കി ട്രാക്ടർ റാലി; അതിവേഗ പാതകൾ സ്തംഭിപ്പിച്ച് ശക്തി പ്രകടനം

rally-07
SHARE

രാജ്യതലസ്ഥാനത്തെ അതിർത്തികൾ കീഴടക്കി കർഷകരുടെ ട്രാക്ടർ റാലി. ഡൽഹിയിൽ കൂടി കടന്നുപോകുന്ന അതിവേഗപാതകൾ എല്ലാം സ്തംഭിച്ചു. മഹാനഗരം ഗതാഗതക്കുരുക്കിലായി. കർഷകസംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ഇതോടെ തുടക്കമായി. 

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഇതേ മാതൃകയിൽ റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിലൂടെ ട്രാക്ടർപരേഡ് നടത്തുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. പ്രക്ഷോഭത്തിന്റെ 43-ാം ദിനത്തിൽ ലക്ഷം ട്രാക്ടറുകളിലായി കർഷക ലക്ഷങ്ങൾ ദേശീയ പാതകൾ കീഴടക്കി. പ്രതികൂല കാലാവസ്ഥ മറികടന്നായിരുന്നു ശക്തി പ്രകടനം. സിംഘു, തിക്രി, ഗാസിപുർ, പൽവൽ, ഷാജഹാൻപുർ എന്നിവിടങ്ങളിൽ നിന്നാണ് രാവിലെ റാലികൾ തുടങ്ങിയത്. 

കേന്ദ്രസർക്കാരും കർഷക നേതാക്കളും അനുരഞ്ജനത്തിനായി നാളെ വീണ്ടും ഒരു മേശയ്ക്ക് ചുറ്റുമിരിക്കാനിരിക്കെ ട്രാക്ടർ റാലിയിലൂടെ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു ലക്ഷ്യം. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. പതിനഞ്ചു ദിവസത്തെ രണ്ടാംഘട്ട പ്രതിഷേധപരിപാടികൾക്കും തുടക്കമായി. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധ പരിപാടിക്ക് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...