അമരാവതി ഭൂമി ഇടപാട്; വിലക്ക് നീക്കി സുപ്രീംകോടതി; ജഗന് കളം ഒരുങ്ങുന്നു

jagan-naidu-amaravathi
SHARE

ആന്ധ്രപ്രദേശിലെ അമരാവതിയിൽ ഉന്നതർ നടത്തിയ അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമായി മാറ്റുന്നതിനു മുന്നോടിയായി ഉന്നത സ്വാധീനമുള്ളവർ അനധികൃതമായി ഭൂമി വാങ്ങിച്ചുക്കൂട്ടിയെന്നാണ് കേസ്.

ഇതു സംബന്ധിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സെപ്റ്റംബറിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി ജഗൻ മോഹൻ സർക്കാരിന് നേട്ടമായി. കേസിൽ ജനുവരി അവസാന ആഴ്ചവരെ ഹൈക്കോടതി യാതൊരു തീരുമാനവും എടുക്കരുതെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെ‍ഞ്ച് ഉത്തരവിട്ടു.

എന്നാൽ കേസിന്റെ അന്വേഷണം ഉൾപ്പെടെ മരവിപ്പിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഡിജിപി, മുൻ അഡ്വക്കറ്റ് ജനറൽ എന്നിവരുടെ വിശദീകരണം തേടിയ കോടതി, കേസ് ജനുവരിയിൽ പരിഗണിക്കുന്നതിനായി മാറ്റി. തലസ്ഥാനമായ അമരാവതിയിലെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഫെബ്രുവരി 21ന് ഡിഐജിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

2015ൽ ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് അമരാവതിയെ പുതിയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ഉന്നത സ്വാധീനമുള്ളവർ പ്രദേശത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് എഫ്ഐആർ. മുൻ അഡ്വക്കറ്റ് ജനറൽ ദമ്മലപതി ശ്രീനിവാസ് ഉൾപ്പെടെ കേസിൽ പ്രതിയാണ്.

സ്വാധീനം ഉപയോഗിച്ച് സർക്കാരിന്റെ പദ്ധതികൾ മുന്‍കൂട്ടി അറിഞ്ഞ ദമ്മലപതി, പ്രദേശത്ത് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് കേസ്. ഭൂമി വാങ്ങിക്കുന്നതിന് ഒരു സുപ്രീം കോടതി ജഡ്ജിയുടെ പെൺമക്കളുമായി ചേർന്ന് ദമ്മലപതി ശ്രീനിവാസ് ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...