22 വയസുകാരന്റെ മാജിക്; വാനോളം വാസൻ ഗ്രൂപ്പ്; 51ൽ അപ്രതീക്ഷിത മരണം

arun-vasan
SHARE

മെഡിക്കൽ സ്റ്റോർ ഉടമയിൽനിന്ന് രാജ്യത്ത് ശതകോടികൾ ആസ്തിയുളള പ്രധാന ചികിത്സാ ശൃംഖലകളിൽ ഒന്നിന്റെ മേധാവിയിലേക്കുള്ള വളർച്ച. ഒടുവിൽ ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി വിടവാങ്ങൽ. ഡോ.എ.എം. അരുണിന്റെ 51 വർഷം മാത്രം നീണ്ട ജീവിതത്തെ ഒറ്റവാക്യത്തിൽ ഇങ്ങനെ ഒതുക്കാം.

വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.എ.എം. അരുണിനെ കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയുമ്പോഴും ഇതു സംബന്ധിച്ച് ഒരു ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

2015ൽ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ചില കള്ളപ്പണ ഇടപാടുകളിൽ വാസൻ ഐ കെയറിനു പങ്കുണ്ടെന്നു കാട്ടി ബിജെപി സഹയാത്രികനും മാധ്യമപ്രവർത്തകനുമായ എസ്.ഗുരുമൂർത്തിയുടെ നൽകിയ പരാതിയിൽ 2015 ൽ വാസൻ ഐ കെയർ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

ഈ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം അരുണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നറിഞ്ഞതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വാസന്റെ അത്ഭുത വളർച്ച

1947ലാണ് പ്രമുഖ കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായിരുന്ന എ.ആർ.മുരുകയ്യ തിരുച്ചിറപ്പള്ളിയിൽ ഒരു ഫാർമസി സ്റ്റോർ ആരംഭിക്കുന്നത്. വാസൻ മെഡിക്കൽ സെന്റർ എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം 1991 വരെയുള്ള 44 വർഷക്കാലം ലാഭത്തിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. മുരുകയ്യയുടെ പെട്ടെന്നുള്ള മരണത്തിനു പിന്നാലെ മകൻ എ.എം.അരുൺ തലപ്പത്തേയ്ക്ക് വന്നു. ഇതിനു പിന്നാലെയാണ് വാസൻ ഗ്രൂപ്പ് വളർച്ചയുടെ സുവർണകാലത്തേയ്ക്ക് പ്രവേശിച്ചത്. 22ാം വയസ്സിലാണ് അരുൺ വാസന്റെ സാരഥ്യം ഏറ്റെടുക്കുന്നത്.

ജീവിതചര്യ രോഗങ്ങൾ വർധിക്കുന്ന കാലഘട്ടത്തിൽ അരുണിന്റെ ദീർഘവീക്ഷണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ലബോറട്ടറിയും ഡയഗ്നോസ്റ്റിക് സെന്ററും വാസൻ തുറന്നു. 2002 ൽ തിരുച്ചിറപ്പള്ളിയിൽ വാസൻ ഐ കെയർ എന്ന പേരിൽ നേത്ര ചികിത്സാ ആശുപത്രി ആരംഭിച്ചതോടെ വാസൻ വളർച്ചയുടെ പടവുകൾ അതിവേഗം നടന്നുകയറി. ചുരുങ്ങിയ കാലംകൊണ്ടു രാജ്യത്തെ തന്നെ മുന്തിയ നേത്ര ചികിത്സാ കേന്ദ്രമായി വാസൻ ഐകെയർ മാറി.

2008 ആയപ്പോഴേയ്ക്കും തമിഴ്നാട്ടിലും കേരളത്തിലുമായി 14 ശാഖകളുമായി വ്യാപിച്ച വാസൻ ഐ കെയറിന് 2020 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 150ൽ അധികം ശാഖകളുണ്ട്. നേത്ര ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവുമധികം ശസ്ത്രക്രിയാ കേന്ദ്രങ്ങളുള്ള സ്ഥാപനമായി 2011ൽ വാസൻ ഐ കെയർ മാറിയതായി അവരുടെ തന്നെ വെബ്സൈറ്റിൽ സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി 27 ഡെന്റൽ ആശുപത്രികളും തിരുച്ചിറപ്പള്ളിയിൽ രണ്ട് മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളും വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പിനു കീഴിലുണ്ട്.

വിവാദങ്ങളിൽ വാസൻ

2015ലാണ് വിവാദങ്ങളുടെ കരിനിഴൽ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പിനു മേൽ പതിച്ചത്. മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരവും മകൻ കാർത്തി ചിദംബരവും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വാസന്റെ പേരും ഉയർന്നുകേട്ടു. വാസൻ ഐ കെയർ ശൃംഖലയിലൂടെ കാർത്തി ചിദംബരം കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ആർഎസ്എസ് അനുഭാവിയും ചെന്നൈ ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമായ എസ്.ഗുരുമൂർത്തിയാണ് രംഗത്തെത്തിയത്. ഇതിനു പിന്നാലെ എല്ലാ വാസൻ ആശുപത്രികളിലും ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തി.

നികുതി വെട്ടിപ്പ് വിവാദങ്ങളിൽ സാമ്പത്തിക സ്ഥിതി മോശമാകുന്നതിനിടെ, കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കി 2017ൽ ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ‌സി‌എൽ‌ടി) വാസനെതിരെ പാപ്പർ നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടു. കമ്പനിയുടെ വിതരണക്കാരിൽ ഒരാളായ അൽകോൺ ലബോറട്ടറീസ് സമർപ്പിച്ച ഹർജിയെ തുടർന്നായിരുന്നു എൻസിഎൽടിയുടെ നടപടി. എന്നാൽ മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ട്രൈബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്തു.

എന്നാൽ 2019ൽ ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കം ചെയ്യുകയും പാപ്പർ നടപടികളുമായി മുൻപോട്ടു പോകാൻ ട്രൈബ്യൂണലിനെ അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും, വിവിധ തർക്കങ്ങളെയും നിയമപോരാട്ടങ്ങളെയും തുടർന്ന് നടപടികൾ വൈകുകയായിരുന്നു. ഇതുകൂടാതെ 2014–15 സാമ്പത്തിക വർഷത്തെ നികുതി വെട്ടിപ്പിന് 2019 ഏപ്രിലിൽ മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും െചയ്തു. 100 കോടിക്കു മുകളിൽ ആസ്തിയുണ്ടായിരുന്ന വാസൻ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ ആളിനെ തിരിയുന്നതിനിടെയാണ് ഉടമയുടെ ആകസ്മിക മരണവും.

MORE IN INDIA
SHOW MORE
Loading...
Loading...