വളർന്നത് രാമായണവും മഹാഭാരതവും കേട്ട്; ഇന്ത്യയെ കുറിച്ച് മനസ് തുറന്ന് ഒബാമ

obama-india
SHARE

രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ ‘എ പ്രോമിസ്ഡ് ലാൻഡ് ’ എന്ന പുതിയ പുസ്തകത്തിൽ ബറാക് ഒബാമ കുറിക്കുന്നു.

കുട്ടിക്കാലത്ത് ഇന്തൊനീഷ്യയിൽ ചെലവഴിച്ച സമയമാകും തന്റെ മനസ്സിനെ ഇന്ത്യയുമായി അടുപ്പിച്ചത്. കിഴക്കൻ രാജ്യങ്ങളിലെ മതങ്ങളെ കുറിച്ച് പഠിക്കാനുള്ള മനസ്സും ഇതിന് കാരണമായിട്ടുണ്ടാകാം. കോളജ് വിദ്യാർഥിയായിരിക്കെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നിരവധി സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരാണ് പരിപ്പുകറിയും മറ്റും പാചകം ചെയ്യാൻ പഠിപ്പിച്ചത്. ബോളിവുഡ് സിനിമകൾ പരിചയപ്പെടുത്തി തന്നതും അവരായിരുന്നുവെന്നു ഒബാമ പറയുന്നു.

ലോകജനസംഖ്യയുടെ ആറിൽ ഒന്ന് അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. രണ്ടായിരത്തോളം വ്യത്യസ്ത വിഭാഗങ്ങൾ, എഴുന്നൂറിലധികം ഭാഷകൾ ഇതെല്ലാം ഇന്ത്യയോട് ആകർഷണം തോന്നാനുള്ള കാരണങ്ങളാണ്. 2010 ൽ യുഎസ് പ്രസിഡന്റെന്ന നിലയിലാണ് ഞാൻ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ അതിനു മുമ്പേ തന്റെ ഭാവനയിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ ഒബാമ പറയുന്നു. 

ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തല്‍ ഉൾപ്പെടുന്ന പുസ്തകത്തിൽ കോൺഗ്രസ് നേതാക്കളായ മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള പരാമർശങ്ങൾ സജീവ ചർച്ചയായിരുന്നു. വിഷയമറിയാതെ, അധ്യാപകന്റെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്ന വിദ്യാർഥിയെപ്പോലെയാണ് രാഹുൽ എന്നാണ് ഒബാമയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒബാമയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാക്കിയിരുന്നു. ‘ന്യൂയോർക്ക് ടൈംസ്’ നടത്തിയ പുസ്തകാവലോകനത്തിലൂടെയാണ് രാഹുലിനെക്കുറിച്ച് ഒബാമ നടത്തിയ പരാമർശങ്ങൾ ചർച്ചയായത്. 

MORE IN INDIA
SHOW MORE
Loading...
Loading...