'അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥി'; രാഹുലിനെക്കുറിച്ച് ഒബാമ; ഏറ്റുപിടിച്ച് ബിജെപി

obama
SHARE

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പരാമര്‍ശം സജീവ ചര്‍ച്ചയാക്കി ബിജെപി. വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒബാമയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കുകയാണ്.

എ പ്രോമിസ്ഡ് ലാന്‍ഡ്. ഒബാമയുടെ രാഷ്ട്രീയ ഒാര്‍മ്മക്കുറിപ്പുകളുടെ ശേഖരമാണ്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ പുസ്തകാവലോകനത്തിലൂടെയാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്. കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഒബാമ അഭിപ്രായപ്പെടുന്നു. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ചെയ്ത് അധ്യാപകന്‍റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അതേസമയം വിഷയത്തോട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍. നിര്‍വികാരമായ ധര്‍മനിഷ്ഠയുള്ള നേതാവെന്നാണ് ഒബാമ മന്‍മോഹന്‍ സിങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു, ബിജെപി െഎടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ രാഹുലിനെക്കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഒബാമയെപ്പോലെ ലോകനേതാക്കള്‍വരെ വസ്തുതകള്‍ പറഞ്ഞു കഴിഞ്ഞെന്നും രാഹുലാണ് കാര്യങ്ങള്‍ മനസിലാക്കേണ്ടതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. 2017 ഡിസംബറിലെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഒബാമ രാഹുലിനെ കണ്ടിരുന്നു. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...