'താലി കെട്ടുന്നത് നായയ്ക്ക് ചങ്ങലയിടുന്നത് പോലെ'; അധ്യാപികയ്ക്കെതിരെ കേസ്

thali-11
SHARE

വിവാഹ സമയത്ത് സ്ത്രീയുടെ കഴുത്തിൽ താലി കെട്ടുന്നത് നായയുടെ കഴുത്തിൽ ചങ്ങലയിടുന്നത് പോലെയാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസ്. ഹിന്ദു സംഘടനാ നേതാവിന്റെ പരാതിയിലാണ് ഗോവയിലെ ലോ കോളെജ് പ്രൊഫസറായ ശിൽപ സിങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാൽ ആറുമാസം മുമ്പത്തെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ് ഇപ്പോൾ കേസെന്നാണ് ശിൽപ പറയുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപിക എന്ന നിലയില്‍ പുസ്തകത്തില്‍ എഴുതിവച്ചത് കാണാതെ പഠിപ്പിക്കുക മാത്രമല്ല താന്‍ ചെയ്യുന്നതെന്നും സ്വതന്ത്ര ചിന്താഗതി കുട്ടികളില്‍ വളര്‍ത്താനാവശ്യമായ വിദ്യാഭ്യാസമാണു നല്‍കുന്നതെന്നും ശിൽപ വ്യക്തമാക്കി.

രാഷ്ട്രിയ ഹിന്ദു യുവ വാഹിനി ഗോവ യൂണിറ്റ് പ്രവര്‍ത്തകനായ രാജീവ് ഝായാണ് പരാതിക്കാരൻ. ഏപ്രിൽ 21 ന് ശിൽപയിട്ട കുറിപ്പിൽ പുരുഷാധികാരത്തെയും വ്യവസ്ഥാപിത അധികാര സമ്പ്രദായത്തെയും ചോദ്യം ചെയ്യുന്നതാണ് ഝായെ ചൊടിപ്പിച്ചത്. നേരത്തേ എബിവിപിയും ശിൽപയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.  ഒരു പ്രത്യേക മതത്തെ ലക്ഷ്യമാക്കി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകളാണ് ശില്‍പയുടേതെന്നും അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് എഫ്ഐആര്‍ സമര്‍പ്പിച്ചതെന്നും വിശദമായ അന്വേഷണം ഉടന്‍ തുടങ്ങുമെന്നും നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ്ട പ്രസൂണ്‍ ആറിയിച്ചു. അതിനിടെ തനിക്കെതിരെ മോശമായ പോസ്റ്റുകള്‍ ഇട്ടതിന്റെ പേരിലും ഭീഷണിപ്പെടുത്തിയതിനും ഝായ്ക്കെതിരെ ശില്‍പയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയുടെ കൂടി അടിസ്ഥാനത്തിലാണ് താന്‍ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്താനും ജോലിയില്‍നിന്നു പുറക്കാത്താനുമുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ പൊലീസ് കേസുമായി വന്നിരിക്കുന്നതെന്നും അവര്‍ പറയുന്നു.

തന്റെ പരാമർശം ഏതെങ്കിലും സ്ത്രീകളെ വേദനിപ്പിച്ചെങ്കിൽ താൻ മാപ്പ് ചോദിക്കുന്നുെവന്ന് അവർ വ്യക്തമാക്കി. സ്ത്രീകള്‍ മാത്രം വിവാഹത്തിന്റെ അടയാളമായി പൊട്ട് തൊടുന്നത് കുട്ടിക്കാലം മുതലേ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അതു ചോദ്യം ചെയ്തതിന്റെ പേരില്‍ എന്നെ മതവിരോധിയായി ചിത്രീകരിക്കുന്നതു ശരിയല്ല. സ്വതന്ത്ര ചിന്താഗതിയുള്ള വ്യക്തിയായാണ് ഞാന്‍ എന്നെ കാണുന്നത്. ചോദ്യം ചെയ്യാനുള്ളത് എല്ലാവരുടെയും അവകാശമാണെന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നതെന്നും വിശദീകരണക്കുറിപ്പിൽ ശിൽപ പറയുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...