ബിഹാറിൽ രണ്ടാം ഘട്ടത്തില്‍ വോട്ട് തേടി 495 കോടീശ്വരർ; കോടിക്കിലുക്കം

bihar-bjp-congress
SHARE

ബിഹാറില്‍ ഇക്കുറിയും എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കളത്തില്‍ കോടീശ്വരന്മാരെ ഇറക്കിയിട്ടുണ്ട്. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 1463 സ്ഥാനാര്‍ഥികളില്‍ 495 പേരും കോടീശ്വരന്മാരാണെന്നാണു റിപ്പോര്‍ട്ട്. മിക്കവരും ആര്‍ജെഡിയുടെയും ബിജെപിയുടെയും ടിക്കറ്റിലാണു മത്സരിക്കുന്നത്. 56 കോടിയുടെ ആസ്തിയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സഞ്ജീവ് സിങ് ആണ് ഏറ്റവും സമ്പന്നന്‍. വൈശാലി മണ്ഡലത്തിലാണു സഞ്ജീവ് മത്സരിക്കുന്നത്. 

രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന 56 ആര്‍ജെഡി സ്ഥാനാര്‍ഥികളില്‍ 46 പേരും കോടീശ്വരന്മാരാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാകുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ 52 സ്ഥാനാര്‍ഥികളില്‍ 38 പേരും ബിജെപിയുടെ 39 സ്ഥാനാര്‍ഥികളും കോടീശ്വരന്മാരാണ്. ബിജെപിയുടെ 85 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും ജെഡിയുവിന്റെ 81 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും ഒരു കോടിക്കു മുകളിലാണ് ആസ്തി. കോണ്‍ഗ്രസിലെ 83 ശതമാനം സ്ഥാനാര്‍ഥികളാണ് കോടീശ്വരന്മാരായി ഉള്ളത്. 

സംസ്ഥാനത്തെ 118 സ്ഥാനാര്‍ഥികള്‍ക്ക് 5 കോടിക്കു മുകളില്‍ ആസ്തിയുണ്ട്. 185ല്‍ അധികം സ്ഥാനാര്‍ഥികള്‍ക്ക് 2-5 കോടിക്കിടയിലാണ് ആസ്തി. രഗോപുരില്‍നിന്നു മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന് 5.58 കോടിയുടെ ആസ്തിയാണുള്ളത്. 2015ല്‍ രണ്ടു കോടിയായിരുന്നു ആസ്തി. സഹോദരന്‍ തേജ്പ്രതാപിന് 2.8 കോടിയുടെ ആസ്തിയുണ്ട്. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളില്‍ നവംബര്‍ മൂന്നിനാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. 1315 പുരുഷന്മാരും 147 സ്ത്രീകളുമാണു മത്സരരംഗത്തുള്ളത്.

MORE IN INDIA
SHOW MORE
Loading...
Loading...