തെരുവിലെ കുരുന്നുകൾ അറിവിന്റെ വെളിച്ചം വിതറി നിയമപാലകൻ; നന്മ

Specials-HD-Thumb-Police-School
SHARE

നട്ടുച്ച വെയിലുകളില്‍ അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ട കുരുന്നുകളെ അറിവിന്റെ തണലില്‍ ഇരുത്തി അക്ഷരം പകര്‍ന്നു കൊടുക്കുന്ന ഒരു പൊലീസുകാരനുണ്ട് രാജ്യതലസ്ഥാനത്ത്. താന്‍ സിങ്ങ്. ഏഴുമാസത്തിന് ശേഷം താന്‍സിങ്ങിന്റെ സ്കൂള്‍ വീണ്ടും തുറന്നതിന്റെ സന്തോഷത്തിലാണ് സ്മാര്‍ട്ട് ഫോണുകളും ലാപ്‍ടോപ്പുകളും അന്യമായ തെരുവോരത്തെ കുട്ടികള്‍. ഈ നല്ല മാതൃക അറിഞ്ഞ് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ താന്‍സിങ്ങിനെ വിളിച്ച് ആദരിച്ചു. 

ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളായ താന്‍സിങ്ങ് ഡ്യൂട്ടി കഴിഞ്ഞുള്ള വരവാണ്. ചെങ്കോട്ടയോട് ചേര്‍ന്നുള്ള സായിമന്ദറില്‍ മറ്റൊരു ഡ്യൂട്ടി തുടങ്ങുകയായി.  ഇനി താന്‍സിങ് നിയമപാലകനല്ല, അധ്യാപകനാണ്. കുട്ടികളുടെ താന്‍സിങ് അങ്കിളാണ്. സമീപത്തെ ചേരികളിലും തെരുവിലും കഴിയുന്ന കുട്ടികള്‍ക്കായി നാലുവര്‍ഷം മുന്‍പാണ് താന്‍സിങ് സ്കൂള്‍ തുറന്നത്. 

പെണ്‍കുട്ടികള്‍ നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും അറിഞ്ഞിരിക്കണമെന്നും താന്‍സിങ്ങിന് നിര്‍ബന്ധമുണ്ട്. അതും പാഠ്യപദ്ധതിയുടെ ഭാഗമാണ്. കുട്ടികള്‍ക്ക് അക്ഷരങ്ങളും അക്കങ്ങളും മനഃപാഠമാണ്.  വൈകിട്ട് അഞ്ചര മുതല്‍ ഏഴരവരെയാണ് സ്കൂളിന്റെ പ്രവര്‍ത്തനം. താന്‍ സിങ്ങിന്റെ ബാല്യത്തിലുമുണ്ട് തെരുവോര്‍മകള്‍. അച്ഛനും അമ്മയ്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഇസ്ത്രിയിടാന്‍ ഉന്തുവണ്ടി തള്ളി പോയിട്ടുണ്ട് കുട്ടിക്കാലത്ത്. ബിരുദത്തിന് പഠിക്കുമ്പോള്‍ പരീക്ഷ എഴുതി ഡല്‍ഹി പൊലീസില്‍ കയറി. 

MORE IN INDIA
SHOW MORE
Loading...
Loading...