ഹാത്രസ് കൂട്ടമാനഭംഗം; ഒരു പ്രതി 17കാരൻ; പാർപ്പിച്ചത് ജയിലിൽ

hathras-minor-rape
SHARE

യുപിയിലെ ഹത്രസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ 4 പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നു സിബിഐ കണ്ടെത്തി. സ്കൂൾ രേഖകൾ പ്രകാരം വരുന്ന ഡിസംബറിലാണ് 18 വയസ്സ് തികയുക. മകനു പ്രായപൂർത്തിയായിട്ടില്ലെന്ന് അമ്മയും സിബിഐ സംഘത്തോടു സ്ഥിരീകരിച്ചു.

പ്രായപൂർത്തിയായെന്നു തെറ്റിദ്ധരിച്ച് ഇയാളെ യുപി പൊലീസ് അലിഗഡ് ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ കേസന്വേഷിച്ച പൊലീസിന്റെ അനാസ്ഥയാണ് പിഴവിനു കാരണമെന്നു സിബിഐ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് ഇന്നലെ മൊഴിയെടുത്തു.

ഇതിനിടെ, പീഡനം സംബന്ധിച്ച പൊലീസ് വാദം ഖണ്ഡിച്ച ഡോക്ടറെ അലിഗഡ് ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ നിന്നു പിരിച്ചുവിട്ടു. ഇടക്കാല ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അസീം മാലിക്കിനെതിരെയാണു നടപടി. പെൺകുട്ടി പീഡനത്തിനിരയായതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്ന പൊലീസ് വാദമാണ് അസീം ഖണ്ഡിച്ചത്. 

പെൺകുട്ടിക്കെതിരെ ആക്രമണം നടന്ന് 11 ദിവസത്തിനു ശേഷം ശേഖരിച്ച സാംപിളുകളുടെ അടിസ്ഥാനത്തിലുള്ള ഫൊറൻസിക് പരിശോധനയിലൂടെ ഒന്നും തെളിയിക്കാനാവില്ലെന്ന് അസീം ചൂണ്ടിക്കാട്ടിയിരുന്നു.  പൊലീസ് വാദം തെറ്റാണെന്ന അസീമിന്റെ പരാമർശം വിവാദമായതിനു പിന്നാലെയാണ് പിരിച്ചുവിടൽ. അലിഗഡ് മുസ്‍ലിം സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയാണിത്.

MORE IN INDIA
SHOW MORE
Loading...
Loading...