‘കോവിഡ് തലച്ചോറിൽ തകരാർ ഉണ്ടാക്കും; കാഴ്ചയെ ബാധിക്കും’; എയിംസിൽ ആദ്യ കേസ്

aims-covid-new
SHARE

കോവിഡ‍് രോഗിക്ക് തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). 11 വയസ്സുള്ള പെൺകുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതോടെ കാഴ്ചയ്ക്കും തകരാറുണ്ടായിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പതിനൊന്നുകാരിയിൽ കോവിഡ് എഡിഎസിന് (Acute Demyelinating Syndrome) കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. പീഡിയാട്രിക് പ്രായത്തിലുള്ളവരിൽ ആദ്യമായിട്ടാണ് കോവിഡ് മൂലം മറ്റൊരു രോഗത്തിന് കാരണമാകുന്നത് കണ്ടെത്തുന്നതെന്ന് ചൈൽഡ് ന്യൂറോളജി വിഭാഗം വ്യക്തമാക്കി. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഉടനെ പ്രത്യേക റിപ്പോർട്ട് തയാറാക്കും.

ഞരമ്പുകൾ മയലിൻ എന്ന ആവരണത്താൽ മൂടപ്പെട്ടതാണ്. ഇത് തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങൾ പെട്ടെന്ന്, അനായാസമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താൻ സഹായിക്കും. മയലിൻ ഉറയ്ക്ക് നാശം സംഭവിക്കുന്നതും തലച്ചോറിലേക്കുള്ള സൂചനകൾ കൃത്യമായി ലഭിക്കാതിരിക്കുന്നതും കാഴ്ച, പേശിയുടെ ചലനങ്ങള്‍, പഞ്ചേന്ദ്രിയങ്ങൾ, ബ്ലാഡർ, മലവിസർജനങ്ങൾ തുടങ്ങിയവയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും എഡിഎസിൽ ഉൾപ്പെടുന്നു.

'കാഴ്ച നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാണു പെൺകുട്ടി എത്തിയത്. എംആർഐ എടുത്തു നോക്കിയപ്പോഴാണ് എഡിഎസ് കണ്ടെത്തിയത്. ഇത് പുതിയ സംഭവമാണ്. എന്നിരുന്നാലും വൈറസ് പ്രധാനമായും തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെന്ന് ഇപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ട്. കോവിഡ് മൂലമാണ് ഈ പ്രശ്നമെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് റിപ്പോർട്ട് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്’– എയിംസിലെ ചൈൽഡ് ന്യൂറോളജി വിഭാഗം തലവൻ ഡോ. ഷെഫാലി ഗുലാത്തി പറഞ്ഞു.

ഗുലാത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെൺകുട്ടിയെ ചികിൽസിച്ചത്. ഇമ്യൂണോതെറപ്പിയിലൂടെ പെൺകുട്ടിയുടെ അവസ്ഥ കൂടുതൽ മെച്ചപ്പെട്ടു. 50 ശതമാനത്തോളം കാഴ്ച തിരിച്ചുകിട്ടിയതിനു പിന്നാലെയാണു പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തത്. പനിയും എൻസെഫാലോപതിയുമായി (തലച്ചോറിനുള്ള വീക്കം) കോവിഡ് ബാധിച്ച 13 വയസ്സുള്ള മറ്റൊരു പെൺകുട്ടിയും എയിംസിൽ ചികില്‍സയിലുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...