സിഖ് ഹീറോ ബൽവീന്ദർ സിങ് വെടിയേറ്റ് മരിച്ചു; ഭീകരതയ്ക്കെതിരായ പോരാട്ടം അന്ത്യം വരെ

sandu-17
SHARE

ഖാലിസ്ഥാൻ വിഘടനവാദ കാലത്ത് ഭീകരതയെ ചെറുത്ത് പഞ്ചാബിന്റെ വീരപുരുഷനായി മാറിയ ബൽവീന്ദർ സിങ് സന്തു വെടിയേറ്റ് മരിച്ചു.  രാവിലെ സ്കൂൾ ഗേറ്റ് തുറക്കുന്നതിനായി എത്തിയപ്പോഴാണ് ബൈക്കിലെത്തി കാത്തു നിന്ന രണ്ട് ആയുധധാരികൾ അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. അഞ്ച് വെടിയുണ്ടകൾ സന്തുവിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തി. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദീർഘകാലമായി സന്തുവിന് നേരെ വധഭീഷണിയുണ്ടായിരുന്നു. തുടർന്ന് സർക്കാർ പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. പ്രാദേശിക പൊലീസിന്റെ അഭ്യർഥന പ്രകാരം കഴിഞ്ഞ വർഷമാണ് സുരക്ഷ പിൻവലിച്ചത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് രാജ്യം ശൗര്യചക്ര നൽകി ബൽവീന്ദറിനെ ആദരിച്ചിട്ടുണ്ട്. 1980കളിൽ ഖലിസ്ഥാൻ പ്രസ്ഥാന കാലത്തു ഭീകരതയുടെ കേന്ദ്രമായിരുന്ന തരൺ താരണിൽ അതിനെതിരെ പോരാടാൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി പ്രതിരോധ സേന തന്നെ രൂപീകരിച്ചിരുന്നു ബൽവീന്ദർ. സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിച്ചിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ബൽവീന്ദറിന്റെ ഭീകരവിരുദ്ധ പോരാട്ടം അക്കാലത്ത് രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായിരുന്നു.

1990ൽ 200 പേർ ഇവരുടെ വീട് വളഞ്ഞ് മണിക്കൂറുകളോളം ആക്രമണം നടത്തിയിരുന്നു. വീട്ടിലേക്കുള്ള റോഡുകൾ തടഞ്ഞ ശേഷം റോക്കറ്റ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചാണ് ആക്രമിച്ചത്. ബൽവീന്ദറും സഹോദരൻ രഞ്ജിത്തും ഭാര്യമാരായ ജഗ്ദീശ് കൗർ, ബൽരാജ് കൗർ എന്നിവരും സർക്കാർ നൽകിയ തോക്കുകൾ ഉപയോഗിച്ച് ഇവരെ നേരിട്ട്, ഓടിച്ചു. 1993 ലാണ് ബൽവീന്ദറിന് ശൗര്യ ചക്ര സമ്മാനിച്ചത്. പുരസ്കാര പത്രത്തിൽ ബൽവീന്ദറിന്റെയും കുടുംബത്തിന്റെയും ധീരത എടുത്തു പറഞ്ഞിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...