അവൻ തിരികെ വന്നു; നെഞ്ചോട് ചേർത്ത് പിതാവ്, ഉപദേശിച്ച് സൈന്യം; നല്ലകാഴ്ച

kashmir
SHARE

ജമ്മുകശ്മീരില്‍ ഭീകരതയുടെ മാര്‍ഗം ഉപേക്ഷിച്ച് മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് യുവാവ് എത്തുന്നതിന്‍റെ ദൃശ്യം പങ്കുവച്ച് സൈന്യം. താഴ്‍വരയിലെ മാറ്റത്തില്‍ അടയാളപ്പെടുത്തല്‍ കൂടിയാണ് നാടകീയവും ഹൃദയസ്പര്‍ശിയായ ഈ കാഴ്ച്ചകള്‍.

കരഞ്ഞുകലങ്ങിയ കണ്ണുകളും സ്നേഹത്തിന്‍റെ കടലാഴവുമായി നിന്ന പിതാവിനെ ജഹാംഗീര്‍ ഭട്ട് കെട്ടിപ്പിച്ചു. കൂട്ടംതെറ്റിപ്പോയി മടങ്ങിയെത്തിയ കുട്ടിയെപ്പോലെ. ചുറ്റും നിന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഘര്‍വാപ്സി മുബാറക്ക്. വീട്ടിലേയ്ക്കുള്ള മടങ്ങിവരവിന് ആശംസകള്‍. മുപ്പത്തിയൊന്നുകാരനായ ജഹാംഗീര്‍ ഭട്ടിനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് കാണാതായത്. ഭീകരസംഘത്തിനൊപ്പം ചേര്‍ന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. ബഡ്ഗാമില്‍ ഭീകരവിരുദ്ധ നീക്കത്തിനിടെയാണ് കീഴടക്കിയത്. വനമേഖലയില്‍ ഒളിച്ചിരുന്ന ഭട്ടിനോട് സൈനിക ഉദ്യോഗസ്ഥര്‍ വിളിച്ചു പറഞ്ഞു. ദൈവത്തെ ഒാര്‍ത്ത്, കുടുംബാംഗങ്ങളെ ഒാര്‍ത്ത് കീഴടങ്ങൂ. ഞങ്ങളൊന്നും ചെയ്യില്ല.ആശങ്കകളോടെ മുന്നോട്ടുവന്ന അവന് വെള്ളം നല്‍കി. ആശ്വാസം പകര്‍ന്നു. മകനെ ജീവതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതിന് ജഹാംഗീറിന്‍റെ പിതാവ് സൈന്യത്തില്‍ കാല്‍ക്കല്‍ വീണ് കരഞ്ഞ് നന്ദി അറിയിച്ചു. ഇനിയും തെറ്റിന്‍റെ വഴിയിലേയ്ക്ക് പോകരുതെന്ന് സൈന്യത്തിന്‍റെ നിര്‍ദേശം.

ദാല്‍ തടാകംപോലെ തെളിഞ്ഞ മനസുമായി ജഹാംഗീര്‍ പുതിയ ജീവിതത്തിലേയ്ക്ക് നടന്നകന്നപ്പോള്‍ സൈന്യം കശ്മീര്‍ ജനതയോട് ഒരിക്കല്‍കൂടി പറയാതെ പറഞ്ഞു. രക്ഷകരാണ് ഞങ്ങള്‍. ശിക്ഷകരല്ല.

MORE IN INDIA
SHOW MORE
Loading...
Loading...