‘തൊഴിലുറപ്പ് കാർഡിൽ ദീപിക പദുക്കോണും, ജോലി മധ്യപ്രദേശിൽ’; വൻ തട്ടിപ്പ്

deepika-card-mp
SHARE

‘മധ്യപ്രദേശിലെ ഖാർഗോൻ ജില്ലയിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ അതിഥിത്തൊഴിലാളിയായി ജോലി ചെയ്യുന്നു.’ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ (എം‌എൻ‌ആർ‌ഇ‌ജി‌എ) ജോലി ചെയ്യുന്ന തൊഴിലാളികൾക്കു നൽകുന്ന കാർഡിലാണ് ദീപികയുടെ ഫോട്ടോ സ്ഥാനം പിടിച്ചത്. സോനു ശാന്തിലാൽ എന്നയാളുടെ പേരിലാണ് കാർഡ്. സോനു ശാന്തിലാൽ, മനോജ് ദുബെ തുടങ്ങി പന്ത്രണ്ടോളം ആളുകളുടെ പേരിലുള്ള വ്യാജകാർഡുകളിലാണ് അവരുടെ ചിത്രത്തിനു പകരം സിനിമാ താരങ്ങളുടെ ഫോട്ടോ ഉള്ളത്.

ഈ വ്യാജ കാർഡുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഉദാഹരണത്തിന്, ഒരു അഴുക്കുചാൽ നിർമാണത്തിൽ ജോലി ചെയ്തതിന് സോനു ശാന്തിലാലിന് വേതനം നൽകിയതായാണ് കാർഡ് അനുസരിച്ചുള്ള വിവരം. കുളം കുഴിച്ചതിനും കനാലുകൾ നന്നാക്കിയതിനും അടക്കം മറ്റു കാർഡുടമകൾക്കും പണം നൽകിയതായി രേഖയുണ്ട്. മനോജ് ദുബെയുടെ പേരിലുള്ള കാർഡ് ഉപയോഗിച്ച് 30,000 രൂപ വീതമാണ് എല്ലാ മാസവും കൂലിയായി പിൻവലിക്കുന്നത്.

അതേസമയം, ഇതിനെപ്പറ്റി അറിയില്ലെന്നാണ് ശാന്തിലാൽ ഉൾപ്പെടെ ഈ വ്യാജ കാർഡുകളിൽ പേരുള്ളവർ പറയുന്നത്. എം‌എൻ‌ആർ‌ഇ‌ജി‌എ പദ്ധതി പ്രകാരം ഒരു ദിവസത്തെ ജോലി പോലും എടുത്തിട്ടില്ലെന്നു ദുബെയും ശാന്തിലാലും പറയുന്നു. തനിക്ക് 50 ഏക്കറോളം കൃഷിയിടമുണ്ടെന്നും എംഎൻആർജിഎ കാർഡ് ഇല്ലെന്നും ദുബെ വ്യക്തമാക്കി.

‘ഈ കാർഡ് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് അറിയില്ല. അവർ എന്റെ ഭാര്യയുടെ ചിത്രം മാറ്റിയാണ് ദീപികയുടെ ചിത്രം വച്ചിരിക്കുന്നത്’– സോനു ശാന്തിലാൽ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും എംപ്ലോയ്മെന്റ് അസിസ്റ്റന്റും ഈ തട്ടിപ്പിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സിഇഒ അന്വേഷണത്തിന് ഉത്തരവിട്ടു.

എം‌എൻ‌ആർ‌ഇ‌ജി‌എ പദ്ധതിക്കായി അനുവദിച്ച വേതനത്തിന്റെ 100 ശതമാനവും തൊഴിലാളികൾക്കു നൽകിയതിന് പ്രശംസ പിടിച്ചുപറ്റിയ ജിർനിയ ജില്ലാ പഞ്ചായത്തിലാണ് ഇപ്പോൾ വ്യാജ കാർഡ് വിവാദമുണ്ടായത്.

MORE IN INDIA
SHOW MORE
Loading...
Loading...