താരപ്രചാരകരിൽ സിന്ധ്യ പത്താമത്; പരിഹസിച്ച്, ചര്‍ച്ചയാക്കി കോൺഗ്രസ്

kamal-nath-scindya-bjp
SHARE

മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രധാനമാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന് ജനം മറുപടി പറയുമെന്ന് ആവർത്തിക്കുന്ന കോൺഗ്രസ് പ്രചാരണത്തിന് പുത്തൻ തന്ത്രമാണ് ഉപയോഗിക്കുന്നത്. 30 താരപ്രചാരകരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഇക്കൂട്ടത്തിൽ സിന്ധ്യയുടെ സ്ഥാനം പത്താമതാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ പരിഹാസം.

സിന്ധ്യയെ ഉപയോഗിച്ച് സർക്കാരുണ്ടാക്കാൻ ബിജെപിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം വന്നപ്പോൾ സിന്ധ്യയെ പത്താം സ്ഥാനത്തേക്ക് പിന്തള്ളിയെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിൽ സിന്ധ്യയുടെ സ്വാധീനം കുറഞ്ഞതിന്റെ തെളിവാണിതെന്നും ബിജെപിയിൽ സിന്ധ്യയുടെ ഇപ്പോഴത്തെ ഗതി ഇതാണെന്നും കോൺഗ്രസ് പരിഹസിക്കുന്നു. സിന്ധ്യയുടെ പക്ഷം പിടിച്ച് ബിജെപിയിൽ പോയ നേതാക്കളും പ്രചാരകരുടെ പട്ടികയിൽ ഇല്ല. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‌ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച സിന്ധ്യയെ ബിജെപി പത്താമതാക്കിയത് വോട്ടർമാർക്കിടയിൽ കോൺഗ്രസ് ചർച്ചയാക്കുകയാണ്. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളില്‍ 16 സീറ്റും സിന്ധ്യയ്ക്ക് സ്വാധീനമുള്ള ഗ്വാളിയോര്‍ മേഖലയില്‍ നിന്നാണ്. 18 വർഷത്തെ കോൺഗ്രസ് ബന്ധവും മധ്യപ്രദേശിൽ സർക്കാരിനെയും വീഴ്ത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലെത്തിയത്. യുവനേതാവിന്റെ പിൻമാറ്റത്തിനൊപ്പം പൊതുജനം ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. 

എന്നാൽ കൈവിട്ടുപോയ മധ്യപ്രദേശ് സിന്ധ്യയെ ചാടിച്ച് തിരിച്ചുപിടിച്ച ബിജെപി വലിയ ആശ്വാസത്തിലാണ്. എന്നാൽ പൊതുജനം ഇത് സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം. സിന്ധ്യ കുടുംബത്തിൽനിന്ന് ബിജെപിയിൽ നിലവിൽ വസുന്ധര രാജെയും യശോദര രാജെയും മകൻ ദുഷ്യന്തുമുണ്ട്. 

ഇവർക്കു ബദലായി ജ്യോതിരാദിത്യയെ ഉയർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. ഗ്വാളിയർ – ഭുണ്ഡേൽഖണ്ഡ് മേഖലയിൽ പാർട്ടിക്ക് ശക്തിയുറപ്പിക്കാൻ സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്നും ബിജെപിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE
Loading...
Loading...