'ആരെയെങ്കിലും ഇങ്ങോട്ടയക്കൂ'; ജീവൻ വെടിയും മുൻപ് അവസാന ഫോണ്‍കോൾ

hyderabad-flood
SHARE

ഹൈദരാബാദിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച വെങ്കിടേഷ് ഗൗഡിന്റെ അവസാന ഫോൺ കോൾ നൊമ്പരമാകുന്നു. വെങ്കിടേഷ് സഞ്ചരിച്ച കാറിന്റെ ടയർ ഊരിപ്പോയി, വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഇദ്ദേഹം സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

യാത്രയ്ക്കിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം ഫോണില്‍ സമീപത്തു സുരക്ഷിതമായ സ്ഥലത്ത് നിന്നിരുന്ന സുഹൃത്തിനെ വിളിക്കുകയായിരുന്നു. 

''ആരെയെങ്കിലും ഇങ്ങോട്ട് അയക്കൂ... ‍ഞാനിപ്പോൾ മുങ്ങിപ്പോകും'' എന്നാണ് ആദ്യം തന്നെ പറയുന്നത്. ''കാറിന്റെ ടയറുകൾ ഊരി, ഒലിച്ചുപോയി. കാറിനകത്ത് വെള്ളം കയറി'', വെങ്കിടേഷ് സുഹൃത്തിനോട് തുടർന്ന് പറഞ്ഞത് ഇങ്ങനെ. അടുത്തുള്ള ഏതെങ്കിലും മരത്തിലോ മതിലിലോ പിടിച്ച് കയറൂ എന്നാണ് സുഹൃത്ത് നിർദേശിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങിയാൽ താൻ മുങ്ങുമെന്നും അടുത്തുണ്ടായിരുന്ന മരവും ഒലിച്ചുപോയെന്നും വെങ്കിടേഷ് തുടർന്ന് പറയുന്നത് കേള്‍ക്കാം. ''ധൈര്യമായിരിക്കൂ, ഒന്നും സംഭവിക്കില്ല'', എന്നു പറഞ്ഞാണ് സുഹൃത്ത് ആശ്വസിപ്പിക്കുന്നത്. 

വ്യാഴാഴ്ച വെങ്കിടേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളും, വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ ശക്തമായ കുത്തൊഴുക്കിൽ ഒഴുകിപ്പോവുന്ന രംഗങ്ങളും ഹൈദരാബാദില്‍ നിന്ന് പുറത്തുവന്നിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...