'തെറ്റുപറ്റി'; കോൺഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു

INDIA-POLITICS-ELECTIONS
SHARE

വിവാദപ്രസ്താവനയിൽ കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെയായിരുന്നു ഖുശ്ബുവിന്റെ പ്രസ്താവന. കോൺഗ്രസ് മാനസിക വളർച്ചയെത്താത്ത പാർട്ടിയാണെന്നും ബുദ്ധിയുള്ള സ്ത്രീകളെ പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കകത്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. പിന്നാലെ പ്രസ്താവന വിവാദമാകുകയും നിരവധി പൊലീസ് സ്റ്റേഷനുകളിൽ നടിക്കെതിരെ പരാതി ലഭിക്കുയും ചെയ്തു. ഇതേത്തുടർന്നാണ് ഖുശ്ബു മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. 

‌''എന്റെ നിരാശയിൽ നിന്നും വന്ന, വളരെ തിടുക്കപ്പെട്ടു നടത്തിയ ഒരു പ്രസ്താവന ആയിരുന്നു അത്. സ്വന്തം പ്രയത്നത്താൽ ഉയർന്നുവന്ന ഒരു സ്ത്രീ ആണ് ഞാൻ. എന്നാൽ കോൺഗ്രസിനകത്ത് പുരുഷാധിപത്യ പ്രവണതയാണ്'', ഖുശ്ബു പറഞ്ഞു.

തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാൻ മോദിയെപ്പോലെ ഒരാളെ ആവശ്യമാണ് എന്നാണ് ബിജെപിയിൽ ചേർന്നുകൊണ്ട് ഖുശ്ബു പറഞ്ഞത്. 

2010 ൽ ഡിഎംകെയിൽ ചേർന്നാണ് ഖുശ്ബു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.  അന്ന് ഡിഎംകെ അധികാരത്തിലായിരുന്നു. 2014 ൽ ഡിഎംകെ വിട്ട് താരം കോൺഗ്രസിലേക്ക് ചേക്കേറി. സ്വന്തം വീട്ടിലെത്തിയത് പോലെ തോന്നുന്നുവെന്നായിരുന്നു അന്ന് ഖുശ്ബുവിന്റെ പ്രതികരണം. ഡിഎംകെയ്ക്ക് വേണ്ടി താൻ കഠിന പ്രയ്തനം ചെയ്തിട്ടും പരിഗണിച്ചില്ലെന്നും അന്ന് ഖുശ്ബു ആരോപിച്ചിരുന്നു. അതേസമയം ഖുശ്ബു ബിജെപിയിലേക്ക് പോയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നായിരുന്നു തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

MORE IN INDIA
SHOW MORE
Loading...
Loading...