മോഹം; നിരാശ; ഖുഷ്ബുവിന്‍റെ രാഷ്ട്രീയ തിരക്കഥ: ബിജെപിയില്‍ ഉന്നമിടുന്ന വന്‍ ‘ഹിറ്റ്’..!

congress-bjp
SHARE

സോണിയ ഗാന്ധിക്കു തുറന്ന കത്തെഴുതി അങ്ങനെയൊടുവില്‍ ഖുഷ്ബു സുന്ദര്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ എത്തിയിരിക്കുന്നു. പലവട്ടം മുടങ്ങിയ, മാറ്റിവെയ്ക്കപ്പെട്ട ‘റിലീസ്’ കോണ്‍ഗ്രസ് നേതൃത്വവും അണികളും എന്നേ പ്രതീക്ഷിച്ചിരുന്നതാണ്. കൃത്യമായി പറഞ്ഞാല്‍ 2019  ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതു മുതല്‍. മുത്തലാക്ക് നിയമത്തിലും ദേശീയ വിദ്യഭ്യാസ നയത്തിലുമെല്ലാം ബിജെപിയെയും പ്രധാനമന്ത്രിയെയും അനുകൂലിച്ചു  അതൃപ്തി പരസ്യമാക്കി ഖുഷ്ബു ആകാംക്ഷ ത്രില്ലര്‍ പടം പോലെ നിലനിര്‍ത്തി.

കുത്തുന്ന കത്തെഴുതി രാജി

ഇടയ്ക്കിടയ്ക്കു ബിജെപിക്കും പ്രധാനമന്ത്രിക്കും കീ വിളിക്കുന്ന ട്വീറ്റുകളിലൂടെ ആഭിമുഖ്യം അറിയിക്കുന്നതിലും എന്നാല്‍ എല്ലാവരിലും സസ്പെന്‍സ് നിലനിര്‍ത്തുന്നതിലും ഖുഷ്ബു  നല്ലമെയ്്വഴക്കം കാണിച്ചിരുന്നു. ഒടുവിലായി  രാഹുല്‍ ഗാന്ധിയെയും  കോണ്‍ഗ്രസിനെയും തിരുത്തിയത് ദേശീയ വിദ്യഭ്യാസ നയത്തില്‍ കോണ്‍ഗ്രസിന്റെ കൂടെയില്ലയെന്നും രാഹുല്‍ജി ക്ഷണിക്കണമെന്നുമായിരുന്നു  ട്വീറ്റ്. ഇതോടെ ഖുഷ്ബു ബിജെപി പ്രവേശനം ഏതാണ്ട് എല്ലാവരും ഉറപ്പിച്ചു. ഖുഷ്ബുവും ഭര്‍ത്താവ് സുന്ദര്‍സിയും ഒഴികെ. 

പക്ഷേ രാജിക്കത്തില്‍  കോണ്‍ഗ്രസ് നേതൃത്വത്തെ വേണ്ടുവോളം കുത്തിയാണു ഖുഷ്ബു ലാവണം മാറുന്നത്. തന്നെ പാര്‍ട്ടിയില്‍ തള്ളിമാറ്റുകയും ഒതുക്കി നിര്‍ത്തുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. ജനങ്ങളുമായിട്ടോ താഴേത്തട്ടിലെ പ്രവര്‍ത്തകരുമായിട്ടോ ഒരു ബന്ധവുമില്ലാത്ത ദന്തഗോപുരങ്ങളില്‍ കഴിയുന്ന ഒരു കൂട്ടം ആളുകളാണ് പാര്‍ട്ടിയെ നയിക്കുന്നത്. അവര്‍  കല്‍പിക്കുകയാണ്. തന്നെ പോലെ താഴെ തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍‍ തഴയപ്പെടുന്നു. ഇങ്ങിനെ മുന്നോട്ടുപോയിട്ടു കാര്യമില്ല. 2014ലെ ലോക്സഭ തിര‍ഞ്ഞെടുപ്പിലെ അതിദയനീയ തോല്‍വിക്കു പിറകെയാണ് താന്‍ പാര്‍ട്ടിയിലെത്തുന്നത്. ഒരു സ്ഥാനമോ നേട്ടമോ  പ്രതീക്ഷിച്ചായിരുന്നില്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. കത്ത് ലഭിച്ചതിനു തൊട്ടുപിറകെ ദേശീയ വക്താവ് സ്ഥാനത്തു നിന്നും പാര്‍ട്ടിയില്‍ നിന്നും ഖുശ്ബുവിനെ ഒഴിവാക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.

മൂന്നു ദിവസം മുമ്പ് കെസിയെ കണ്ടു 

അകമേ അതൃപ്തിയും നിരാശയും പുകയുമ്പോഴും പുറത്ത് കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുമായുള്ള‌  കൂറ് ഖുഷ്ബു കാണിച്ചിരുന്നു. ഒടുവിലായി ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു നാവരിഞ്ഞുകൊന്ന വിഷയത്തില്‍ കോണ്‍ഗ്രസ്  ദേശവ്യാപകമായി നടത്തിയ പ്രതിഷേധത്തില്‍ ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തത് ഖുഷ്ബുവായിരുന്നു. ഈ പരിപാടിയാണു കോണ്‍ഗ്രസിലെ നടിയുടെ അവസാനത്തെ പരിപാടി. ഇതിനുശേഷമാണ് എ.ഐ.സി.സി  ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഖുഷ്ബു കണ്ടത്. 

പറയാനുള്ളതും തമിഴ്നാട്ടിലെ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസവും കെ.സിയെ ബോധ്യപ്പെടുത്തി. തമിഴ്നാട് കോണ്‍ഗ്രസ് തന്നെ പരിപാടികള്‍ പോലും അറിയിക്കുന്നില്ലെന്ന കാലങ്ങളായുള്ള പരാതിയും അറിയിച്ചു. എന്നാല്‍ ആശിച്ച മറുപടിയല്ല റാഹുലിന്റെ അടുപ്പക്കാരനില്‍ നിന്ന് ദേശീയ വക്താവിന് ലഭിച്ചത് എന്നാണ് തമിഴകത്തെ റിപ്പോര്‍ട്ട്. അതിനു കാരണമുണ്ട്. കോണ്‍ഗ്രസുമായി അടുത്തു നില്‍ക്കുമ്പോഴും ഇരുനുള്ളില്‍   ബി.ജെപിയുമായി വിലപേശല്‍ നടത്തുന്നുവെന്ന സൂചന നേരത്തെ കോണ‍്‍ഗ്രസിനു ലഭിച്ചിരുന്നു. ഒരുമാസം മുമ്പ്  ഖുഷ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ  സുന്ദര്‍സി തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.  അമിത് ഷായുടെ അടുപ്പക്കാരനുമായുള്ള ചര്‍ച്ച നടിയെ കൈവിടാനുള്ള സൂചനയായാണ് കോണ്‍ഗ്രസ് കണ്ടത്.

രജനിയെ ആഗ്രഹിച്ചു; കിട്ടിയത് ഖുശ്ബുവിനെയോ?

തമിഴകം പിടിക്കണമെന്നു ഏറെകാലമായി ബി.ജെ.പി ആഗ്രഹിക്കുന്നതാണ്. ഇതിനായി പലതലങ്ങളിലും പ്രവര്‍ത്തനം നടക്കുന്നുണ്ട്. ശക്തമായ ജാതീയത നിലനില്‍ക്കുന്ന  തമിഴ്നാട്ടില്‍  മേല്‍ജാതിക്കാരായ നേതാക്കന്‍മാരെയെല്ലാം ഒഴിവാക്കി എല്‍.മുരുകന്‍ എന്ന ആര്‍.എസ്.എസുകാരനെ  പ്രസിഡന്റായി നിയമിച്ചതു പോലും  പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്. ജയലളിത ഒഴിഞ്ഞ തമിഴകത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്കു  രാഷ്ട്രീയം പിടിക്കാനാവുമെന്നു പാര്‍ട്ടി കരുതുന്നുണ്ട്. ആത്മീയ അരസെന്നും ആത്മീയ രാഷ്ട്രീയമെന്നും പറഞ്ഞു വര്‍ഷങ്ങളായി രാഷ്ട്രീയ റിലീസിനു തയാറെടുക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനു പിന്നാലെയായിരുന്നു  കുറേ കാലമായി പാര്‍ട്ടി. പക്ഷേ കൃത്യമായി മനസ് വ്യക്തമാക്കാനോ നിലപാടെടുക്കാനോ   രജനികാന്ത്  കഴിഞ്ഞിട്ടില്ല. ഇത് മറ്റാരെക്കാളും  ആങ്കയുണ്ടാക്കുന്നത്  തമിഴ്നാട് ബി.ജെ.പിയെയാണ്. 

ഇവിടെയാണു  ഖുഷ്ബുവിന്റെ ബി.ജെ.പി പ്രവേശനം ചര്‍ച്ചയാകുന്നത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എംകെ നയിക്കുന്ന  ദേശീയ ജനാതിപത്യ മുന്നണിയുടെ 234 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പഴയ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരിയിരിക്കുമെന്നും മനോരമ ന്യൂസിനോടു സംസാരിച്ച തമിഴ്നാട് ബി.ജെ.പി വക്താവ് വിശദീകരിച്ചു. ഒരു പക്ഷേ എടപ്പാടി  പളനിസാമിയെന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കാളും  ഗ്ലാമര്‍ സ്ഥാനാര്‍ഥി. ഒപ്പം ഒറ്റയ്ക്കു നിന്നാല്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും നാം തമിഴര്‍ പാര്‍ട്ടിക്കും കിട്ടുന്ന വോട്ട് ശതമാനം പോലും  ദേശീയ പാര്‍ട്ടിയായ ബി.ജെ.പിക്കു തമിഴകത്ത് ലഭിക്കുന്നില്ല. ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന മനങ്ങളുടെ മനസിലെ ധാരണ മാറ്റാന്‍ ആരാധന മൂത്ത്  അനുയായികള്‍ തിരുച്ചിറപ്പള്ളിയില്‍ ക്ഷേത്രം വരെ പണിത  ഖുഷ്ബുവിനാകുമെന്നാണ് പ്രതീക്ഷ.

കുലുക്കമില്ലാതെ  കോണ്‍ഗ്രസ്

ടോം വടക്കനുശേഷം ബി.ജെ.പി റാഞ്ചുന്ന ദേശീയ വക്താവാണ്  ഖുഷ്ബു സുന്ദര്‍സി. പാര്‍ട്ടി നയങ്ങളും പരിപാടികളും തന്ത്രങ്ങളും ജനങ്ങളിലേക്കെത്തിക്കാനും മാധ്യമങ്ങളുമായി നല്ല ഊഷ്മള ബന്ധം നിലനിര്‍ത്താനും  നിയോഗിക്കപ്പെട്ടവരെ ഇങ്ങിനെ റാഞ്ചുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണെന്ന് നിരീക്ഷകര്‍ പറയുന്നു. നേതാക്കന്മാരെല്ലാം  സ്വയം പാര്‍ട്ടികളായി മാറിയ തമിഴ്നാട് കോണ്‍ഗ്രസില്‍ തുടക്കം മുതല്‍  ഖുഷ്ബുവിനു സ്വീകാര്യതയുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി  പാര്‍ട്ടി പരിപാടികള്‍ പോലും തന്നെ അറിയിക്കുന്നില്ലെന്നു പലതവണ പരാതി പറയുകയും ചെയ്തിരുന്നു. പക്ഷേ ആരും ഗൗനിച്ചില്ലെന്നുമാത്രം. ഈ നിലപാട് വ്യക്തമാക്കുന്നതായിരുന്നു  രാജിയുടെ പിറകെ  തമിഴ്നാട് കോണ്‍ഗ്രസ്  അധ്യക്ഷന്‍ കെ.എസ് അഴഗിരിയുടെ പ്രസ്താവന. അവരെ നടിയായി മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. നേതാവായി ഇതുവരെ കണ്ടിട്ടില്ലന്നായിരുന്നു അത്.

ഖുഷ്ബുവിനെ കാത്തിരിക്കുന്നത് എന്ത്..? 

2010 ലാണ് സിനിമ വിട്ടു രാഷ്ട്രീയത്തില്‍ സൗഭാഗ്യം തേടി ഇറങ്ങുന്നത്. സാക്ഷാല്‍ കലൈഞ്ജര്‍ കരുണാനിധിയോടുള്ള ആരാധനയും മകളും കവിയുമായിരുന്ന  കനിമൊഴിയുമായുള്ള അടുപ്പം ഡി.എം.കെയിലെത്തിച്ചു. ഡി.എം.കെയില്‍ അച്ഛന്‍ മകന്‍ അധികാര മാറ്റം നടക്കുന്ന സമയം. കരുണാനിധി പ്രായാധിക്യത്തിന്റെ അവശതകളിലേക്കു കടന്നിരുന്നു. എം.കെ. സ്റ്റാലിന്റെ യുഗത്തിന് തുടക്കവും കുറിച്ചിരുന്നു. ഒപ്പം  ടു.ജി അടക്കമുള്ള അഴിമതി കറകള്‍ ഡി.എം.കെയെ  അടിമുടി ഉലയ്ക്കുന്ന സമയം കൂടിയായിരുന്നു അത്. വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നുമാത്രല്ല. കനിമൊഴിയടക്കമുള്ള വനിത നേതാക്കളെ മറികടന്നു വളര്‍ച്ച  സാധ്യമല്ലെന്നും ഖുഷ്ബുവിലെ രാഷ്ട്രീയക്കാരി തിരിച്ചറിഞ്ഞു. 

2014 ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസായിരുന്നു അടുത്ത ഊഴം. ആ തിരഞ്ഞെടുപ്പിനു കൃത്യമായ കാരണവുമുണ്ടായിരുന്നു തമിഴും ഹിന്ദിയും ഇംഗ്ലീഷും ഇത്രയും മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന വനിത നേതാവ് അന്ന് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിലുണ്ടായിരുന്നില്ല. പി.ചിദംബരമെന്ന ദേശീയ നേതാവിനപ്പുറം ജനം അറിയുന്ന താഴെതട്ടില്‍ വരെ സ്വാധീനമുള്ള നേതാക്കളും അന്നും ഇന്നും പാര്‍ട്ടിയിലില്ല. ഇതൊക്കെയാവണം കോണ്‍ഗ്രസ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും അവരെ ചേര്‍ത്തു പിടിക്കുകയും ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍  താരപ്രചാരകയായി. ദേശീയ വക്താവായി.

പക്ഷേ 2019 ല്‍ ലോക്സഭയിലേക്കൊരു സീറ്റ്. അതുണ്ടായില്ല. ഡല്‍ഹിക്കു അതില്‍  വലിയ എതിര്‍പ്പില്ലായിരുന്നു. പക്ഷേ തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് വില്ലനായി. അങ്ങിനെയാണ് മാനസികമായ അകലുന്നതും പറഞ്ഞതും ട്വീറ്റിയതുമെല്ലാം സ്വയം വിഴുങ്ങി  ഖുഷ്ബു താമരത്തണല്‍ തേടിയതും. അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം. ബി.ജെ.പി ദേശീയ നേതൃത്വത്തില്‍ പദവി. ഇതുമല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ ബോര്‍ഡുകളില്‍ ചെയര്‍വുമണ്‍ പദവി. ഇതൊക്കെയാണു ഖുഷ്ബുവിനു കാത്തിരിക്കാന്‍ പോകുന്നതെന്ന സൂചന ശക്തമാണ്. ഒരു പക്ഷേ കേന്ദ്രമന്ത്രിസഭയില്‍  ഇടം കിട്ടിയാല്‍ പോലും അല്‍ഭുതമില്ലെന്നു തമിഴ്നാട് ബിജെപിയില്‍ അടക്കം പറച്ചിലുമുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...