അന്ന് ജയ സമാധിയിൽ അടിച്ച് ശശികലയുടെ ശപഥം; ‘ചിന്നമ്മ’ റിലിസ് കാത്ത് തമിഴകം

shashikala-jaya
SHARE

മുൻമുഖ്യമന്ത്രി ജയലളിതയുടെ സമാധിയിൽ അടിച്ച് കൊണ്ട് വി.കെ.ശശികല അന്ന് നടത്തിയ ശപഥം  തെന്നിന്ത്യയുടെ ശ്രദ്ധ നേടിയതാണ്. ഇപ്പോഴത്തെ തമിഴകത്തെ രാഷ്ട്രീയ കാറ്റ് കഴിഞ്ഞ കാര്യങ്ങളെ ഓർമിപ്പിക്കുന്നതാണ്. ജയയുടെ മരണശേഷം മൂന്നായി പിളർന്ന പാർട്ടിയും സർക്കാരും താഴെവീഴും എന്ന ഉറപ്പായിരുന്നു. എന്നാൽ പാർട്ടിയും സർക്കാരും ഒത്തുതീർപ്പുകളിലൂടെ അഞ്ചുവർഷം തികച്ച് ഭരിക്കുകയാണ്. ഇനി ഗതി മാറ്റുന്നത് ശശികലയുടെ വരവാണ്.  ഞാൻ ഇനി മുഖ്യമന്ത്രിയായി മാത്രമേ തിരിച്ചുവരൂ എന്ന് പ്രസിദ്ധമായ ജയലളിതയുടെ വിജയ ശപഥവുമായി ബന്ധപ്പെടുത്തിയാണ് ചിന്നമ്മ വാഴ്ത്തുകൾ നിറയുന്നത്. അതുപോലെ ശപഥം നിറവേറ്റി ശശികല അധികാരത്തിലെത്തുമോ എന്നാണ് ഇനി കാണേണ്ടത്.

66 കോടി രൂപയുടെ അനധികൃതസ്വത്ത് സമ്പാദനക്കേസിൽ നാലു വർഷം തടവുശിക്ഷ അനുഭവിച്ച ശശികലയുടെ ശിക്ഷാകാലാവധി ജനുവരി 27 നാണ് അവസാനിക്കുക. 10 കോടി രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷയനുഭവിക്കേണ്ടി വരും. എന്നാൽ നല്ല നടപ്പിന്റെ പേരിൽ ശശികലയെ ഈ മാസം അവസാനത്തോടെ മോചിപ്പിക്കാമെന്ന് അഭിഭാഷകൻ പറയുന്നു. നല്ല നടപ്പിന്റെ പേരിൽ കർണാടക ജയിൽ ചട്ടം അനുസരിച്ച് ശിക്ഷയിൽ ഇളവിന് അർഹതയുണ്ടെന്നാണ് വാദം.

പ്രതിമാസം 3 ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. സെപ്റ്റംബർ അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂർത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അർഹതയുണ്ട്. ഇതേ കേസിൽ 1997ലും 2014ലുമായി 35 ദിവസം ശശികല ശിക്ഷ അനുഭവിച്ചിരുന്നു. 17 ദിവസം പരോൾ ലഭിച്ചത് ഒഴിവാക്കിയാലും കാലാവധിക്ക് 129 ദിവസം മുൻപ് ജയിൽ മോചിതയാകാമെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ കർണാടക ജയിൽ വകുപ്പ് പരിഗണിക്കണമെന്നു മാത്രം.

അതേസമയം, ശശികലയുടെ മടങ്ങിവരവ് വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വലിയ പിന്തുണക്കാര്‍ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ ശശികലയുടെ ചിത്രം ഉപയോഗിക്കാൻ പോലും കഴിയില്ലെന്ന് അവർ പറയുന്നു. 2017 ലെ ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിൽ അനന്തരവൻ ടി.ടി.വി. ദിനകരൻ പോലും പ്രചരാണത്തിനായി ശശികലയുടെ ചിത്രം ഉപയോഗിച്ചിരുന്നില്ല.

MORE IN INDIA
SHOW MORE
Loading...
Loading...