സിന്ധ്യയുടെ കോട്ടപിടിക്കാൻ പ്രിയങ്കയെത്തും; മധ്യപ്രദേശിൽ ഇക്കുറി തീപാറും

priyanka-gandhi-mp-new
SHARE

വാശിയേറിയ ഉപതിരഞ്ഞെടുപ്പിനാകും മധ്യപ്രദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് രാഷ്ട്രീയ കാലാവസ്ഥ കൊണ്ട് വ്യക്തമാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന് ജനം മറുപടി നൽകും എന്ന ആത്മവിശ്വാസത്തിൽ മുന്നോട്ടുപോവുകയാണ് മുൻമുഖ്യമന്ത്രി കമൽനാഥ്. ഇതിനായി ശക്തമായ പ്രചരാണം കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. പ്രചാരണത്തിന് സച്ചിൻ പൈലറ്റിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയും നേരിട്ടെത്തും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ‌. സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളിൽ പ്രിയങ്കയെ എത്തിച്ച് കളം നിറയാനാണ് കോൺഗ്രസ് നീക്കം. 

ഗ്വാളിയാര്‍-ചമ്പല്‍ മേഖലകളിലെ ആറു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളിലും പ്രസംഗങ്ങളിലും പ്രിയങ്കയെ എത്തിക്കാനാണ് നീക്കം. ഇതെല്ലാം തന്നെ സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളാണ്. എന്നാൽ സിന്ധ്യയ്ക്ക് പറ്റിയ എതിരാളിയല്ല പ്രിയങ്ക എന്നാണ് ബിജെപിയുടെ പരിഹാസം. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളില്‍ 16 സീറ്റും ഗ്വാളിയോര്‍ മേഖലയില്‍ നിന്നാണ്. ഇവിടെ 14 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കമൽനാഥ് നടത്തിയിരുന്നു.  ഇതിനൊപ്പം ഈ മേഖലയിലെ ബിജെപി നേതാക്കൾ കോൺഗ്രസിലെത്തിയതും ആത്മവിശ്വാസം നൽകുന്നു. സിന്ധ്യ ബിജെപിയിൽ വന്നതോടെ ചില മുതിർന്ന നേതാക്കൾ അടക്കം കോൺഗ്രസിലേക്ക് എത്തിയിരുന്നു. 

18 വർഷത്തെ കോൺഗ്രസ് ബന്ധവും മധ്യപ്രദേശിൽ സർക്കാരിനെയും വീഴ്ത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലെത്തിയത്. യുവനേതാവിന്റെ പിൻമാറ്റത്തിനൊപ്പം പൊതുജനം ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഗ്വാളിയാർ സന്ദർശനത്തിൽ വൻപ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ബിജെപി മെമ്പർഷിപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് സിന്ധ്യയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരുടെ വൻസംഘം എത്തിയിരുന്നു. 

കൈവിട്ടുപോയ മധ്യപ്രദേശ് സിന്ധ്യയെ ചാടിച്ച് തിരിച്ചുപിടിച്ച ബിജെപി വലിയ ആശ്വാസത്തിലാണ്. എന്നാൽ പൊതുജനം ഇത് സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം. സിന്ധ്യ കുടുംബത്തിൽനിന്ന് ബിജെപിയിൽ നിലവിൽ വസുന്ധര രാജെയും യശോദര രാജെയും മകൻ ദുഷ്യന്തുമുണ്ട്. 

ഇവർക്കു ബദലായി ജ്യോതിരാദിത്യയെ ഉയർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. ഗ്വാളിയർ – ഭുണ്ഡേൽഖണ്ഡ് മേഖലയിൽ പാർട്ടിക്ക് ശക്തിയുറപ്പിക്കാൻ സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്നും ബിജെപിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE
Loading...
Loading...