ആറ്റുനോറ്റ് പിറന്ന കുഞ്ഞിനെ കണ്ട്കൊതി തീർന്നില്ല; ഭൂമി തട്ടാൻ ക്രൂര കൊലപാതകം

murder-23
SHARE

തൂത്തുക്കുടിയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന കേസിൽ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. ലോറി ഡ്രൈവറായ സെൽവനെ ഭൂമി തട്ടിയെടുക്കുന്നതിനായി രാഷ്ട്രീയ നേതൃത്വവും പൊലീസുകാരും ചേർന്ന് കൊന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുപത്തിയേഴുകാരനായ സെൽവനെ കൊലപ്പെടുത്തിയത്. എഐഎഡിഎംകെ നേതാവിന്റെയും പൊലീസ് ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് മരണത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. 

ജനരോഷം ഇരമ്പിയതോടെ ഇരട്ട കസ്റ്റഡി മരണം നടന്ന സാത്താന്‍കുളത്തിനു സമീപത്തെ തട്ടാര്‍മഠം ഇന്‍സ്പെക്ടർ ഹരികൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബത്തിനൊപ്പം സമരം നടത്തിയ തിരിച്ചന്തൂര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായി. എഐഎഡിഎംകെ നേതാവ് എം. തിരുമണവേലുമായി സെൽവന് ഭൂമി സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. സെല്‍വന്റെ  സഹോദരന്‍ പങ്കുരാജിനെ തിരുമണവേല്‍ നല്‍കിയ കള്ളപരാതിയില്‍   നേരത്തെ ഹരികൃഷ്ണന്‍ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ വച്ചു ക്രൂര മര്‍ദനമേറ്റ  പങ്കുരാജ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കിയതിനു തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. 

കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന കുടുംബത്തോടൊപ്പം ചേര്‍ന്ന സ്ഥലം എംഎല്‍എ  അനിത രാധാകൃഷ്ണന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. ജീപ്പ് രാത്രി ഗുണ്ടകള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം കനത്തു. ജനരോഷത്തെ തുടർന്ന്  കേസ് സി.ബി-സിഐഡിക്കു കൈമാറാന്‍ ഡിജിപി ഉത്തരവിട്ടു. തിരുമണവേലും എഫ്ഐആറില്‍ പേരുള്ള മുത്തുകൃഷ്ണയെന്നയാളും ചെന്നൈയിലെ കോടതിയില്‍ കീഴടങ്ങി. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഹരികൃഷ്ണനെ ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...