ഹിന്ദി അറിയാത്തയാള്‍ക്കു വായ്പ നിഷേധിച്ചു: ബാങ്കിനെതിരെ പ്രതിഷേധം: വിവാദം

bank
SHARE

തമിഴ്നാട്ടില്‍ ഹിന്ദി അറിയാത്തയാള്‍ക്കു ബാങ്ക് വായ്പ നിഷേധിച്ചതു വന്‍ വിവാദമാകുന്നു. അരിയല്ലൂര്‍ ജില്ലയിലെ  ഗംഗൈകൊണ്ടാചലമെന്ന സ്ഥലത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ്  അപേക്ഷകന് വായ്പ നിഷേധിച്ചത്. ബ്രാഞ്ച് മാനേജറെ ബാങ്ക് സ്ഥലം മാറ്റിയെങ്കിലും പ്രതിഷേധമുയരുകയാണ്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡോക്ടര്‍  ബാലസുബ്രണ്യന്‍ രണ്ടാഴ്ച മുമ്പാണ് വായ്പാ അപേക്ഷയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ സമീപിച്ചത്. സ്വന്തം ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് വേണ്ടിയായിരുന്നു  വായ്പ ആവശ്യപെട്ടത്. എന്നാല്‍ ബ്രാഞ്ചിന്റെ ചുമതലയുള്ള സീനിയര്‍ മാനേജര്‍ വിശാല്‍ നാരായണ കാംബ്ലെ  താൻ മഹാരാഷ്ട്രയിൽ നിന്നുള്ളയാളാണെന്നും ഹിന്ദി അറിയുമോയെന്നും  ചോദിച്ചതായി ബാലസുബ്രഹ്ണ്യം പറയുന്നു.  ഇംഗ്ലീഷും തമിഴും അറിയാമെന്നു ഡോക്ടര്‍ മറുപടി നൽകി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റുണ്ടായി.തമിഴിലുള്ള ഭൂമിയുടെ രേഖകള്‍ തുറന്നു നോക്കുക പോലും ചെയ്യാതെ വായ്പാ അപേക്ഷ തള്ളി. തൊട്ടുപിറകെ  മാനസിക സമ്മര്‍ദത്തിലാക്കിയതിനു ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപെട്ടു ഡോക്ടര്‍ ബാങ്കിനെതിരെ വക്കീല്‍ നോട്ടീസയച്ചു.

ഇതോടെ സംഭവം പുറം ലോകം അറിഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമാണിതെന്നാരോപിച്ചു തമിഴ് സംഘടനകള്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന്  മാനേജറെ  തിരുച്ചിറപ്പള്ളിയിലേക്കു സ്ഥലം മാറ്റി. ബാങ്ക് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.തമിഴ് വികാരം വ്രണപെടുത്തിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ അധ്യക്ഷനുമായ  എം.കെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. 

MORE IN INDIA
SHOW MORE
Loading...
Loading...