പഞ്ചാബിൽ നിന്നും കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി ഡൽഹിക്ക്; നയിച്ച് യൂത്ത് കോൺഗ്രസ്

tractor-rally-punjab
SHARE

കാർഷിക ബില്ലുകൾ വൻപ്രതിഷേധത്തിന് ഇടയിലും രാജ്യസഭ പാസാക്കിയതോടെ തെരുവിലിറങ്ങി കർഷകർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽ നിന്നും ആരംഭിച്ചു. കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് റാലി നടത്തുകയാണ്. യൂത്ത് കോൺഗ്രസ് നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സിറാക്പൂരിൽ നിന്നും ഡൽഹിയിലേക്കാണ് കർഷകരുടെ യാത്ര. 

പ്രതിപക്ഷ എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ കാർഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കിയത്. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ. ഭേദഗതി നിർദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. പ്രതിപക്ഷ അംഗങ്ങൾ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുത്തു. സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിമാറ്റാനും ശ്രമം നടന്നു. ഇതു കയ്യാങ്കളിയിൽ കലാശിച്ചു.

ബില്ലുകൾ കർഷകവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ താങ്ങുവിലയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് ഡിഎംകെയുടെയും തൃണമൂല്‍ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്. അതേസമയം, കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

‘പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022ൽ കർഷക വരുമാനം ഇരട്ടിയാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാൽ ഇന്നത്തെ നിരക്കിൽ കർഷകരുടെ വരുമാനം 2028ന് മുൻപ് ഇരട്ടിയാകില്ല’ – തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒ ബ്രയൻ പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾ നീക്കാൻ ഇതുവരെ മൂന്നു ബില്ലുകൾ ലോക്സഭയിൽ പാസാക്കിയിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...