ഗുജ്ജറുകൾക്ക് സംവരണം വേണം; കോൺഗ്രസിനെ ഞെട്ടിച്ച് സച്ചിൻ വീണ്ടും

എഐസിസി പുനഃസംഘടനയിൽ തഴയപ്പെട്ടതോടെ ഗുജ്ജർ വിഷയം ഉന്നയിച്ചു സച്ചിൻ പൈലറ്റ് രംഗത്ത്. സർക്കാർ ജോലികളിൽ ഏറ്റവും പിന്നാക്ക വിഭാഗക്കാരായി പരിഗണിച്ചു ഗുജ്ജറുകൾക്ക് അഞ്ചു ശതമാനം സംവരണം നൽകുന്നില്ലെന്നു കാണിച്ച് സച്ചിൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനു കത്തെഴുതി. ഗുജ്ജർ സമുദായക്കാരനാണെങ്കിലും ഒരിക്കലും ആ ലേബലിൽ മാത്രമായി അറിയപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ള സച്ചിന്റെ ഈ നീക്കം രാഷ്ട്രീയ നിരീക്ഷകരിൽ അമ്പരപ്പു സൃഷ്ടിച്ചിട്ടുണ്ട്.

പരമ്പരാഗതമായി ഗുജ്ജറുകൾ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ മുഖ്യമന്ത്രിയായേക്കുമെന്നു പ്രതീക്ഷയിൽ അവർ കൂട്ടത്തോടെ കോൺഗ്രസിന് വോട്ടു ചെയ്തിരുന്നു. രാജസ്ഥാനിൽ ഏഴു ശതമാനത്തോളം വരുന്ന ഇവരുടെ വോട്ട് 30ലേറെ നിയമസഭാ സീറ്റുകളിൽ നിർണായകമാണ്.

ആട്ടിടയ സമൂഹമായ ഗുജ്ജറുകൾക്കു പടിഞ്ഞാൻ യുപിയിലും പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിർണായക സ്വാധീനമുണ്ട്. യുപിയിൽ ഇവരെ പിണക്കാതിരിക്കാൻ കൂടിയാണു വിമതസ്വരം ഉയർത്തിയ സച്ചിനെ തിരികെ പാർട്ടിയിലെത്തിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടതെന്നും സംസാരമുണ്ടായിരുന്നു.

പാർട്ടിയിലേക്കു മടങ്ങിയ സച്ചിനു കേന്ദ്ര നേതൃത്വത്തിൽ തക്കതായ സ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ വെള്ളിയാഴ്ച നടന്ന അഴിച്ചുപണിയിൽ ഒഴിവാക്കപ്പെടുകയായിരുന്നു. ഇതാണു മുഖ്യമന്ത്രിക്കുള്ള കത്തുമായി സച്ചിന്റെ ശനിയാഴ്ചത്തെ രംഗപ്രവേശം ശ്രദ്ധേയമാക്കുന്നത്.