ഇന്ത്യയെന്ന കപ്പലിനെ പിന്നിലേക്ക് ഓടിക്കുന്നു; ഉടൻ കരയ്ക്കടിയും: രാഹുൽ

modi-rahul-tweet
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ ഭരണത്തെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ കപ്പലിനോടും മോദിയെ കപ്പിത്താനോടും ഉപമിച്ചാണ് രാഹുലിന്റെ ട്വീറ്റ്. ‘കപ്പിത്താൻ ചരിത്രത്തിന്റെ കണ്ണാടിയിലൂടെ പിന്നിലേക്ക്‌ നോക്കി ഓടിക്കുന്ന  കപ്പൽ പോലെ ആണ് ഇന്നത്തെ ഇന്ത്യ. യഥാർത്ഥത്തിൽ അത് മുന്നോട്ട് നീങ്ങുന്നില്ല. ഈ കപ്പൽ കരയ്ക്കടിയുന്ന കാലം വിദൂരമല്ല.’ അദ്ദേഹം കുറിച്ചു.

ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനംമൂലം സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം നികത്താത്തതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പി.ചിദംബരവും രംഗത്തെത്തി. സംസ്ഥാനങ്ങൾക്കു പണമാണു നൽകേണ്ടതെന്നും വാഗ്ദാനങ്ങൾ കൊണ്ടു ഗുണമില്ലെന്നും ചിദംബരം കുറിച്ചു.

‘ജിഎസ്ടി സംവിധാനംമൂലമുള്ള നഷ്ടം നികത്താൻ സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന നിലപാടറിയിച്ചു കേന്ദ്രം ‘ലെറ്റർ ഓഫ് കംഫർട്’ നൽകിയിരിക്കുകയാണ്. ഇതു കടലാസിലെഴുതിയ സാന്ത്വന വാക്കുകൾ മാത്രമാണ്, യാതൊരു മൂല്യവുമില്ല. സംസ്ഥാനങ്ങൾക്കു പണമാണു വേണ്ടത്. പലവിധ സ്രോതസ്സുകളിലൂടെ പണം കണ്ടെത്തി സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിനു മാത്രമെ സാധിക്കൂ.’– ചിദംബരം ട്വിറ്ററിൽ കുറിച്ചു.

നഷ്ടപരിഹാരമായി ഈ വർഷം സംസ്ഥാനങ്ങൾക്കു 3 ലക്ഷം കോടി രൂപയാണു നൽകേണ്ടത്. അതിൽ, 65,000 കോടി രൂപയാണു സെസ് വരുമാനമായി പ്രതീക്ഷിക്കുന്നത്. ബാക്കി 2.35 ലക്ഷം കോടി സംബന്ധിച്ചു തർക്കമുണ്ട്. ഇതിൽ, ആകെ 97,000 കോടി ജിഎസ്ടി നടപ്പാക്കുന്നതിനാലുള്ള നഷ്ടം, ബാക്കി കോവിഡ് പ്രതിസന്ധി മൂലമെന്നുമാണ് ധനമന്ത്രാലയ വാദം.

MORE IN INDIA
SHOW MORE
Loading...
Loading...