വാക്സീൻ സ്വീകരിച്ചയാൾക്ക് സംഭവിച്ചത് എന്ത്; ‘ട്രാൻവേഴ്സ് മൈലൈറ്റീസ്; 3 കാരണങ്ങള്‍

covid-oxford-vaccine
SHARE

ന്യൂഡൽഹി: ഓക്സ്ഫഡ് സാധ്യതാ വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാൾക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടർന്നെന്നു വിവരം. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ വിവരങ്ങളിലാണ് ഈ സൂചന. വാക്സീൻ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി വ്യക്തമാകേണ്ടത്

സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് ട്രാൻവേഴ്സ് മൈലൈറ്റീസ്. 3 കാരണങ്ങളാൽ ഇതു സംഭവിക്കാം. 1. വാക്സീൻ സ്വീകരിച്ചതു വഴി ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം. 2. നിർജീവമായിരുന്ന വൈറസുകളേതെങ്കിലും സജീവമായത്. 3. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂൺ.

ഇനി എന്ത്?

ഓക്സ്ഫഡ് വാക്സീൻ പരീക്ഷണം നിർത്തുന്നത് ഇതാദ്യമല്ല. ഏപ്രിലിൽ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയർമാരിലൊരാൾക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിർത്തിയിരുന്നു. സാധ്യതാ വാക്സീന്റെ സുരക്ഷിതത്വവും പരീക്ഷണവിവരങ്ങളും ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റഗുലേറ്ററി ഏജൻസി വീണ്ടും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

മലയാളികൾക്ക് കുഴപ്പമില്ല

ഓക്സ്ഫഡ് സാധ്യതാ വാക്സീൻ സ്വീകരിച്ച മലയാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. തിരുവല്ല ഓതറ സ്വദേശി റെജിയാണ് ആദ്യം വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാരൻ. അടുത്ത ഘട്ടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജി കുര്യനും വാക്സീനെടുത്തു. ബൂസ്റ്റർ ഡോസുകൾ അടക്കം എടുത്തിട്ടും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും മനോരമയോടു പറഞ്ഞു. 

തുടർന്നുള്ള ഘട്ടങ്ങളിൽ 30,000 പേരാണു വാക്സീനെടുത്തത്. ഇതിൽ മലയാളികളുമുണ്ട്. ആർക്കും ആരോഗ്യപ്രശ്നങ്ങളുള്ളതായി റിപ്പോർട്ടില്ല.

പരീക്ഷണം നിർത്തിയിട്ടില്ല: സീറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുന്നതു ഡേറ്റ സേഫ്റ്റി ആൻഡ് മോണിറ്ററിങ് ബോർഡിന്റെ (ഡിഎസ്എംബി) അവലോകന യോഗത്തിനു ശേഷം. 2 ദിവസത്തിനുള്ളിൽ യോഗം ചേർന്നേക്കും. 

ഇന്ത്യയിൽ പരീക്ഷണം നിർത്തിവച്ചിട്ടില്ലെന്നാണ് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...