മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലും?; റഷ്യൻ വാക്സീന്റെ പരീക്ഷണവിവരം കൈമാറി

russia-vaccine
SHARE

റഷ്യൻ കോവിഡ് വാക്സീനായ സ്പുട്നിക് 5ന്റെ മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ അധികൃതർക്കു കൈമാറിയെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. വാക്സീൻ എത്രത്തോളം സുരക്ഷിതമാണെന്നതാണ് ഇന്ത്യയ്ക്കു നൽകിയ റിപ്പോർട്ടെന്നാണു വിവരം. മോസ്കോയിലെ ഗമാലെയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയിൽനിന്ന് ഇന്ത്യയാണ് ഈ വിവരങ്ങൾ തേടിയതെന്നും വാർത്തയിൽ പറയുന്നു.

സ്പുട്നിക് 5 വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണം വിവിധ രാജ്യങ്ങളിൽ നടത്താനുള്ള ഒരുക്കത്തിലാണ് റഷ്യ. സൗദി അറേബ്യ, ഫിലിപ്പീൻസ്, യുഎഇ, ബ്രസീൽ എന്നിവിടങ്ങളിൽക്കൂടി മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് റഷ്യ ഒരുങ്ങുന്നത്. വാക്സീന്റെ കാര്യത്തിൽ റഷ്യയുമായി ഇന്ത്യൻ അധികൃതർ ‘ആഴത്തിലുള്ള ചർച്ചയിലാണെന്ന്’ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലും മൂന്നാംഘട്ട പരീക്ഷണം നടത്തണോയെന്നതും പരിഗണിക്കുന്നുണ്ട്.

ഈ മാസം വാക്സീന്റെ നിർമാണം ആരംഭിക്കാനാണ് റഷ്യയുടെ തീരുമാനം. വാക്സീൻ നൽകുന്നതിനു പുറമേ, ഗവേഷണം, ഉത്പാദനം എന്നിവയിലും ഇന്ത്യയുടെ സഹകരണം തേടിയതായി റഷ്യൻ അംബാസഡർ നിക്കോളയ് കുദാഷെവ് വ്യക്തമാക്കി. ഔദ്യോഗികമായി കഴിഞ്ഞ മാസം റഷ്യ ഇക്കാര്യം ഇന്ത്യയോടു സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

വാക്സീൻ കുത്തിവച്ചവരിൽ രോഗപ്രതിരോധ ലക്ഷണങ്ങൾ കാണിച്ചെന്ന് മെഡിക്കൽ ജേണലായ ദ് ലാൻസെറ്റിൽ റഷ്യൻ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കുത്തിവയ്പ് എടുത്തവർക്ക് പാർശ്വഫലങ്ങളുമില്ല. ജൂൺ–ജൂലൈ മാസത്തിൽ നടത്തിയ പരീക്ഷണത്തിന്റെ റിപ്പോർട്ടാണ് റഷ്യ പുറത്തുവിട്ടത്.

38 പേരിലാണ് പരീക്ഷണം നടത്തിയത്. മൂന്നാഴ്ചയ്ക്കു ശേഷം ബൂസ്റ്റർ വാക്സീനും നൽകി. 18നും 60നും ഇടയിൽ പ്രായമുള്ളവരിലായിരുന്നു പരീക്ഷണം. മൂന്നാഴ്ചകൊണ്ട് ഇവരിൽ ആന്റി‍ബോഡി ഉൽപാദിപ്പിക്കപ്പെട്ടു. ചെറിയ രീതിയിൽ തലവേദന, സന്ധിവേദന എന്നിവ കുറച്ചു പേരിൽ അനുഭവപ്പെടുകയും ചെയ്തു. 40,000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം.

അതേസമയം, റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ ഈയാഴ്ചതന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്നും സൂചനയുണ്ട്. കോവിഡ് വാക്‌സീന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി റജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...