തണുത്തു വിറച്ച് മലനിരകളിൽ വഴിതെറ്റി; ചൈനക്കാർക്ക് ആശ്വാസമായി ഇന്ത്യൻ സേന

indian-army-helping-chinese-men
SHARE

സംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും നന്മയുടെയും നിറകുടമായി ഇന്ത്യന്‍ സൈന്യം. വഴിതെറ്റിപ്പോയ മൂന്ന് ചൈനീസുകാർക്കാണ് ഇന്ത്യൻ സേന സഹായഹസ്തം നീട്ടിയത്. നോർത്ത് സിക്കിമിലെ പീഠഭൂമിയ്ക്കു സമീപം 17,500 അടി ഉയരത്തിൽ വഴിയറിയാതെ നിന്ന ഒരു സ്ത്രീ അടങ്ങിയ മൂന്നംഗ സംഘത്തെ രക്ഷപെടുത്തിയ സേന അവർക്ക് ഭക്ഷണവും തണുപ്പകറ്റാൻ വസ്ത്രങ്ങളും നൽകി.

‘വളരെ കുറഞ്ഞ താപനിലയിൽ ഒരു സ്ത്രീ അടക്കം മൂന്നു ചൈനീസുകാർ അകപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഉടനെ അപകടം മനസ്സിലാക്കി ഇന്ത്യൻ സേന അവിടേക്ക് ഓടിയെത്തി. അവർക്ക് വേണ്ട ഓക്സിജൻ അടക്കമുള്ള വൈദ്യസഹായങ്ങളും ഭക്ഷണവും തണുത്തുറഞ്ഞ കാലവസ്ഥയോടു പൊരുതാനുതകുന്ന വസ്ത്രങ്ങളും നൽകി.’– സേന ഔദ്യോഗിക വിശദീകരണത്തിൽ രേഖപ്പെടുത്തി. 

മൂന്നു പേരെ സഹായിക്കുന്നതിനായി ഓക്സിജൻ സിലിണ്ടറും ഭക്ഷണവുമായി പോകുന്ന സൈനികരുടെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചിരുന്നു. അവരുടെ കാർ ശരിയാക്കാനും സൈനികർ സഹായിച്ചു. കൂടാതെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സൈനികർ ശ്രദ്ധിച്ചു. സൈനികർക്ക് നന്ദി അറിയിച്ചാണ് ചൈനീസ് പൗരന്മാർ യാത്രയായത്.

കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ചൈനീസ് സേന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു ദിവസങ്ങൾക്കിപ്പുറമാണ് ഈ സംഭവം. ജൂണിൽ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ –ചൈന സംഘർഷത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെന്‍ഗെയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. അതിർത്തിയിൽ‌ നിന്ന് ചൈനീസ് സേന പിന്മാറണമെന്നു പറഞ്ഞ രാജ്നാഥ് സിങ് നിലവിലെ പ്രശ്നം ഉത്തരവാദിത്തത്തോടെയും സമാധാനപൂർവവും പരിഹരിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...