ഇഐഎ: കരടിനെച്ചൊല്ലി വിവാദം അനവസരത്തില്‍: പ്രകാശ് ജാവഡേക്കര്‍

prakash-javadekar
SHARE

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരടിനെച്ചൊല്ലിയുള്ള വിവാദം അനവസരത്തിലുള്ളതാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. കരടിന്മേല്‍ അഭിപ്രായം തേടുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഉയര്‍ന്നു വരുന്ന എല്ലാ അഭിപ്രായങ്ങളും പരിശോധിക്കും. അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് പൊതുജനാഭിപ്രായം തേടാതെയാണ് തീരുമാനങ്ങളെടുത്തിരുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് പ്രകാശ് ജാവഡേക്കര്‍ മറുപടി നല്‍കി.   

കേന്ദ്ര സർക്കാരിന്‍റെ വിവാദ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായമറിയിക്കാതെ കേരളം. നാളെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി. കേന്ദ്ര സർക്കാർ പരിസ്ഥിതിയെ തകർക്കുന്ന നടപടികളിൽ നിന്ന് പിൻതിരിയണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളം എത്രയും വേഗം എതിര്‍പ്പ് അറിയിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനം നാളെ അഭിപ്രായം അറിയിച്ചേക്കും. 

വൻകിട വികസന പദ്ധതികൾ, ഖനനം, തുറമുഖ നിർമാണം, റെഡ് വിഭാഗ വ്യവസായങ്ങൾ എന്നിവക്കുള്ള കൃത്യമായ പരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന് വെക്കുകയോ, അല്ലെങ്കിൽ നാമമാത്രമായി ചുരുക്കുകയോ ചെയ്യുന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ഭേദഗതി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യമാകെ ഉയരുന്നത്.രാജ്യത്തെ കൊള്ളയടിക്കുന്നതും പരിസ്ഥിതി വിരുദ്ധവുമായ ഭേദഗതിയുടെ കരട് പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 

സി പി എം കേന്ദ്ര നേതൃത്യം ഭേദഗതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടും സർക്കാരോ സി പി എം സംസ്ഥാന നേതൃത്വമോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതി മേയ് അവസാനം തന്നെ അവരുടെ അഭിപ്രായം സർക്കാരിനെ അറിയിച്ചിരുന്നു. ജൂൺ 30 ആയിരുന്നു അഭിപ്രായം അറിയിക്കാൻ നേരത്തെ നൽകിയിരുന്ന തീയതി. പിന്നീട് ഡൽഹി ഹൈകോടതിയാണ് നാളെ വരെ തീയതി നീട്ടി നൽകിയത്. ഇത്ര സമയം കിട്ടിയിട്ടും വിദഗ്ധരുമായി ആലോചിക്കുകയോ നിയമവശങ്ങൾ വിലയിരുത്തുകയോ അഭിപ്രായം ക്രാേഡീകരിച്ച് കേന്ദ്രത്തിന് നൽകുകയോ ചെയ്തില്ല. വിവാദ ഭേദഗതികൾ ഒന്നും പരാമർശിക്കാതെയാണ് പരിസ്ഥിതി ആഘാത നിർണയ സമിതി റിപ്പോർട്ട് നൽകിയതെന്നും പരാതി ഉണ്ട്. 

മുഖ്യമന്ത്രിയുടെ കീഴിലെ വകുപ്പാണ് പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും. 

സംസ്ഥാന സർക്കാരിൻ്റെ 'അലംഭാവത്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ അവസാന തീയതിയായ നാളെ കേന്ദ്രത്തെ അഭിപ്രായം അറിയിക്കാനാണ് തീരുമാനം .സാങ്കേതികമായ കാര്യങ്ങളും ഏതാനും കാര്യങ്ങളെക്കുറിച്ച് ആശങ്കയും മാത്രമാണ് അറിയിക്കുക എന്നാണ് സൂചന.

MORE IN INDIA
SHOW MORE
Loading...
Loading...