കോവിഡ് വാക്സിൻ 250 രൂപയ്ക്ക് 92 രാജ്യങ്ങളിൽ; കരാറൊപ്പിട്ട് സീറം ഇൻസ്റ്റിറ്റ്യൂട്ട്

serumgates-2
SHARE

കോവിഡ് വാക്സീൻ 250 രൂപയ്ക്ക് 92 രാജ്യങ്ങളിൽ ലഭ്യമാക്കാൻ ഗേറ്റ്സ് ഫൗണ്ടേഷനുമായി കരാറൊപ്പിട്ടു പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യയടക്കം ഇടത്തരം സാമ്പത്തിക നിലവാരത്തിലുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ രാജ്യങ്ങൾക്കായി 10 കോടി ഡോസ് വാക്സീൻ നിർമിക്കാനാണു പദ്ധതി. ഇതോടെ ഈ മാസം 20ന് ഇന്ത്യയിൽ അവസാനഘട്ട മനുഷ്യപരീക്ഷണം ആരംഭിക്കാനിരിക്കുന്ന ഓക്സ്ഫഡ് വാക്സിനു പുറമെ പരീക്ഷണഘട്ടത്തിലുള്ള നോവാവാക്സ് വാക്സീനും സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുമെന്നുറപ്പായി.       

ബിൽ ഗേറ്റ്സിൻറെ ജീവകാരുണ്യ സംരംഭമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ഗാവീ വാക്സീനുമായി 150 കോടി ഡോളറിൻറെ കരാറാണു പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള ആരോഗ്യസംഘടനയാണ് ഗാവി. വാക്സീൻ വാങ്ങുന്നതിനു രാജ്യങ്ങളെ സഹായിക്കുന്ന ഗേറ്റ്സ് ഫൗണ്ടേഷൻറെ പദ്ധതിയുടെ ഭാഗമായാണു നടപടി. ഗാവിക്കായിരിക്കും ഗേറ്റ്സ് ഫൗണ്ടേഷൻ ധനസഹായം നൽകുക. ഗാവി സീറം ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറും.  പരീക്ഷണഘട്ടത്തിലുള്ള നോവാവാക്സ് വാക്സീൻ വിജയകരമാകുന്ന പക്ഷം ഉത്പാദനം വർധിപ്പിച്ചു സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ 10 കോടി ഡോസ് വാക്സീൻ നിർമിക്കും. 3 ഡോളറിന് ഒരു ഡോസ് എന്ന നിരക്കിലാകും നൽകുക.

സാമ്പത്തികമായി  പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ വാക്സീൻ ലഭ്യത ഉറപ്പാക്കാൻ നോവാവാക്സുമായി ഗാവി മുൻപേ കരാർ ഒപ്പിട്ടിരുന്നു. ഇതോടൊപ്പം തന്നെ ബ്രിട്ടീഷ്–സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാസെനകയുമായി സഹകരിച്ചു സീറം നിർമിക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സിൻ 57 രാജ്യങ്ങളിൽ വിതരണം ചെയ്യാനും ഇൗ കരാർ ലക്ഷ്യമിടുന്നു. വാക്സീന്റെ ഇന്ത്യയിലെ വില നിർണയിക്കാൻ സീറത്തിനു സ്വാതന്ത്ര്യമുണ്ടാകുമെന്നു കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കമ്പനികളുമായി സഹകരിച്ചു മൊത്തം 30 കോടി ഡോസ് വാക്സീൻ ആണു സീറം നിർമിക്കാനൊരുങ്ങുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...