പിറന്നാളിന് അമ്മക്ക് സർപ്രൈസ് നല്‍കാന്‍ കാത്തു; എത്തിയത് മരണവാർത്ത

neela-sathe-deepak-sathe
SHARE

നീല സാഠേയുടെ പിറന്നാളാണിന്ന്. ക്യാപ്റ്റന്‍ ദീപക് സാഠേയുടെ അമ്മ നീല സാഠേയുടെ പിറന്നാൾ. പക്ഷേ, രണ്ടാമത്തെ മകന്റെ വിയോഗവാർത്ത കേട്ടാണ് ഈ അമ്മ ഇന്ന് ഉറക്കമുണർന്നത്. പിറന്നാൾ ദിനത്തിൽ അമ്മയുടെ അടുത്തേക്ക് സർപ്രൈസ് വരവ് പ്ലാൻ ചെയ്തിരുന്ന മകള്‍ അഞ്ജലി മുംബൈയിൽ നിന്നും കോഴിക്കോടേക്ക് പാഞ്ഞു, സഹോദരന്റെ മൃതദേഹം ഏറ്റുവാങ്ങാൻ. ക്യാപ്റ്റന്റെ മരണവാർത്ത ബന്ധുക്കള്‍ ഇന്നലെ തന്നെ അറിഞ്ഞിരുന്നെങ്കിലും ഇന്ന് പുലർച്ചെയാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. 

അമ്മയുടെ 83-ാം പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് വരവ് ക്യാപ്റ്റൻ ദീപക് സാഠേയും പ്ലാൻ ചെയ്തിരുന്നു. പക്ഷേ കരിപ്പൂരേക്കുള്ള ആ ലാൻഡിങ്ങ് കാത്തുവെച്ചത് മരണമായിരുന്നു. പിറന്നാൾ ദിനത്തില്‍ നീല സാഠേയുടെ മുന്നിലേക്കെത്തിയതാകട്ടെ, ആ വിയോഗവാര്‍ത്തയും. വാർത്ത അറിഞ്ഞതു മുതല്‍ കേണൽ വസന്ത് മൗനിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ''എന്തിനാണ് ഞങ്ങളുടെ രണ്ട് മക്കളെയും ദൈവം കൊണ്ടുപോയത്'' എന്നാണ് നീല സാഠേ ചോദിച്ചത്. 

മാർ‌ച്ചിലാണ് സാഠേ അവസാനമായി മാതാപിതാക്കളെ കണ്ടത്. പക്ഷേ എന്നും ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. കോവിഡ് ആയതിനാൽ സൂക്ഷിക്കണമെന്നും പുറത്തേക്കെന്നും ഇറങ്ങരുതെന്നും മകൻ എപ്പോഴും ഓർമിപ്പിച്ചിരുന്നെന്നു പറയുമ്പോൾ ലീല സാഠേയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുന്ന സ്നേഹനിധിയായിരുന്നു മകനെന്നും സന്തോഷത്തോടെ സഹായിക്കാൻ ഓടിയെത്തുന്നതിന് അധ്യാപകർ എന്നും അഭിനന്ദിച്ചിരുന്നെന്നും നെഞ്ചു തുളഞ്ഞുകയറുന്ന വേദനക്കിടെയും അമ്മ ഓർത്തെടുക്കുന്നു. 

കേണൽ വസന്ത് ആണ് ക്യാപ്റ്റൻ ദീപക്കിന്റെ അച്ഛൻ. ഇവർക്ക് മൂത്ത മകൻ ലഫ്റ്റനന്റ് കേണൽ വികാസ് വസന്തിനെ 1981 ൽ നഷ്ടമായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...