കോൺഗ്രസ് റാഞ്ചുമോയെന്ന് ഭയം; രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഗുജറാത്തിലേക്ക് മാറ്റി

bjp-congress-flag-new
SHARE

കോൺഗ്രസിനെ പേ‍ടിച്ചു രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്കു മാറ്റുന്നു. 14നു നിയമസഭ ചേരാനിരിക്കെയാണു എംഎൽഎമാർ കൂറുമാറുന്നതു തടയാൻ ബിജെപി നടപടി തുടങ്ങിയത്. ഉദയ്പുർ മേഖലയിൽനിന്നുള്ള ആറ് എംഎൽഎമാരെ ഇതിനോടകം പോർബന്ദറിലേക്കു മാറ്റി.

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 19 വിമത എംഎൽഎമാർ നടത്തുന്ന പോരുമൂലം പ്രതിസന്ധിയിലാണ് അശോക് ഗെലോട്ട് സർക്കാർ. ഇതിനു പുറമേ ആറു ബിഎസ്പി എംഎൽഎമാർ കോണ്‍ഗ്രസിൽ ലയിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കേസിൽ 11നു ഹൈക്കോടതി വിധി വരാനിരിക്കുകയുമാണ്. വിധി പ്രതികൂലമായാൽ സർക്കാരിന്റെ നിലിനൽപു ഭീഷണിയിലാകും. ഇതു മറികടക്കാൻ കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ സ്വാധീനിച്ചേക്കാം എന്ന ഭയമാണു ബിജെപിയെ തിരക്കിട്ടുള്ള നടപടിക്കു പ്രേരിപ്പിച്ചത്. 

തെക്കൻ രാജസ്ഥാനിലെ ട്രൈബൽ മേഖലയില്‍ നിന്നുള്ള എംഎൽഎമാരെ കോൺഗ്രസ് ലക്ഷ്യമിടുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരിലൂടെയും സ്വാധീനമുള്ള ആളുകളിലൂടെയും ഉദയ്പുർ ഡിവിഷനിൽനിന്നുള്ള എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നു. ഇതോടെയാണ് എംഎൽഎമാരെ സംരക്ഷിക്കാൻ ഒന്നിച്ചു താമസിപ്പിക്കാൻ തീരുമാനിച്ചതെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു രണ്ടു മൂന്നു ദിവസം മുമ്പ് പാർട്ടി നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. അതിനു മുമ്പു ചില എംഎൽഎമാർക്കു സോമനാഥ ക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹം പറഞ്ഞതിനാൽ അതിന് അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ആരോപണം നിഷേധിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസര കുതിരക്കച്ചവടം ബിജെപിയുടെ കുത്തകയാണെന്നും സർക്കാരിനു ഭീഷണിയില്ലെന്നും പറഞ്ഞു. പാർ‍ട്ടിയിൽ ലയിച്ച 6 ബിഎസ്പി എംഎൽഎമാരടക്കം 200 അംഗ നിയമസഭയിൽ കോൺഗ്രസിനു 107 പേരാണുള്ളത്. ചെറുകക്ഷികളും സ്വതന്ത്രരുമായി മറ്റു 17 പേരുടെ പിന്തുണയും ഉണ്ടായിരുന്നു. സച്ചിൻ പൈലറ്റടക്കം 19 വിമത എംഎൽഎമാർ കലാപക്കൊടി ഉയർത്തിയപ്പോൾ മൂന്നു സ്വതന്ത്രരും ഇവർക്കൊപ്പം കൂടി. ഇതോടെ ഭീഷണി നേരിടുന്ന സർക്കാരിനു 11ന്റെ കോടതി വിധി നിർണായകമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...