കുടകിലും കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് പേരെ കാണാതായി

kudak-rain
SHARE

കര്‍ണാടകയിലെ കുടകില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ബാഗമണ്ഡലക്കടുത്ത് തലക്കാവേരി ബ്രഹ്മഗിരി മലയില്‍ മണ്ണിടിച്ചലിനെ തുടര്‍ന്ന് നാല് പേരെ കാണാതായി. വീരാജ്പേട്ട താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

തലക്കാവേരി ക്ഷേത്രത്തിനടുത്താണ് മണ്ണിടിച്ചലുണ്ടായത്. കാണാതായവര്‍ക്കായി ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കലക്ടറും ജില്ല പൊലീസ് മേധാവിയുമടക്കമുള്ളവര്‍ സ്ഥലത്തെത്തി.  കുടകിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യതയുളളതിനാല്‍ നൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 

കരടി ഗോട്, ഗുയ്യ, ബട്ടത്തകാട് തുടങ്ങിയ സ്ഥലങ്ങളിലായി പത്ത് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത ചൊവ്വാഴ്ച വരെ കുടകില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കാവേരി പുഴ കര കവിഞ്ഞതിനെ തുടര്‍ന്ന് വീരാജ്പേട്ട–മടിക്കേരി റോഡിലെ ബേത്തിരി പാലത്തില്‍ വെള്ളം കയറി. മടിക്കേരിയിലെ വിവിധ റോഡുകളിലും വെള്ളമായതിനാല്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. 

MORE IN INDIA
SHOW MORE
Loading...
Loading...