പത്തൊമ്പതാം നൂറ്റാണ്ടിലെ തർക്കം ചരിത്രത്തിലേക്ക്; വന്ന വഴികൾ

ayodya-wb-2
SHARE

അയോധ്യകേസിലെ സുപ്രീംകോടതി വിധിയാണ് രാമക്ഷേത്ര നിർമാണത്തിലേക്ക് വഴി തെളിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കം ക്ഷേത്ര നിർമാണത്തോടെ ചരിത്രത്തിലേക്ക് മറയുകയാണ് . അതിന്റെ നാൾ വഴികളിലൂടെ. 

1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെയാണ്.  1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫൈസാബാദ് സബ്കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന്  ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു. 1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെയാണ് ആരംഭിക്കുന്നത്.  1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും  ഹര്‍ജി നല്‍കി. 1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അവസാനിച്ചത് 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്‍റെ തകര്‍ക്കലില്‍. 1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം.   2010 സെപ്റ്റംബര്‍ 30 നാണ് , തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ അലഹബാദ്  ഹൈക്കോടതി വിധി വരുന്നത്. 2011 മെയിൽ  വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു .  2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്. 2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്.  ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന ബെഞ്ചിൽ അന്തിമവാദം . നവംബർ 9 ന് നിർണായക വിധി. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്നും പകരം അയോധ്യയിൽ പള്ളി പണിയുന്നതിന് സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം നല്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. സുപ്രീം കോടതി നിർദേശ പ്രകാരം 2020 ഫെബ്രുവരിയിൽ നൃത്യ ഗോപാൽ ദാസ് ചെയർമാനായി  രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്‌ രൂപികരിക്കപ്പെട്ടു. മാർച്ച്‌ 25 ന് ക്ഷേത്ര നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഓഗസ്റ്റ് 5 ന് രാമക്ഷേത്ര ശിലാ സ്ഥാപനതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ നേതൃത്വത്തിൽ തുടക്കം. 

MORE IN INDIA
SHOW MORE
Loading...
Loading...